ഇന്ത്യന്‍ ജനാധിപത്യത്തിനു ലജ്ജിക്കേണ്ട നിമിഷം

Fri, 25-12-2015 04:33:00 PM ;

Jyoti Singh Pandey1967 മേയ് 12 ഇന്ത്യന്‍ പ്രസിഡണ്ട് ഡോ.രാധാകൃഷ്ണന്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലെ ഒരു വാചകമാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.

 

Despite occasional forebodings to the country, the Indian Constitution had worked successfully so far. But democracy, he warned, was more than a system of the Government.It was a way of life and a regime of civilised conduct of human affairs. We should be the architects of peaceful changes and the advocates of radical reform.

     വല്ലപ്പോഴുമുണ്ടായിട്ടുള്ള അനിഷ്ടസംഭവങ്ങള്‍ അഥവാ ദുശ്ശകുനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ഭരണഘടനയ്ക്ക ഇതുവരെ വളരെ വിജയകരമാം വിധം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് . ജനായത്തം എന്നത് ഒരു സര്‍ക്കാര്‍ സംവിധാനം എന്നതിനപ്പുറമാണ്.അതൊരു ജീവിത രീതിയും  മനുഷ്യനെ സംബന്ധിക്കുന്ന വിഷയങ്ങള്‍ പരിഷ്‌കൃതമായ രീതിയില്‍ പ്രവര്‍ത്തനപഥത്തിലൂടെ കൊണ്ടുപോകുന്നതിനുള്ള ഒരു വ്യവസ്ഥയുമാണ്. സമാധാനപരമായ മാറ്റത്തിന്റെ ശില്‍പികളും മൗലികമായ മാറ്റങ്ങളുടെ വക്താക്കളുമായി നാം മാറേണ്ടതുണ്ട്.

     ഈ വാക്കുകള്‍ പശ്ചാത്തലബോധത്തില്‍ നിര്‍ത്തിക്കൊണ്ട് 2015 ഡിസമ്പര്‍ 23ന് രാജ്യസഭ പാസ്സാക്കിയ ജൂവനൈല്‍ ജസ്റ്റിസ് ബില്‍ പാസ്സാക്കിയത് ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമായേ അതിനെ കാണാന്‍ കഴിയുകയുള്ളു. വികാരങ്ങളില്‍ വിമുക്തമായി കൂട്ടായി ചന്തിച്ച് ഒരു ജനതയെ ബാധിക്കുന്ന നിയമങ്ങള്‍ നിര്‍മ്മിക്കേണ്ട പാര്‍ലമെണ്ടിന്റെ  ഉപരിസഭ തെരുവിലെ വികാരങ്ങള്‍ക്ക് അടിമപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ആ വൈകാരികതയെ ഒന്നുകൂടി ഉയര്‍ത്തിക്കാട്ടുന്നതായി ഏകകണ്ഠമായി രാജ്യസഭ ജ്യോതി സിംഗിന്റെ അച്ഛനമ്മമാരെ  ഗാലറിയില്‍ സാക്ഷ്യം നിര്‍ത്തിക്കൊണ്ട് ആ ബില്‍ പാസ്സാക്കിയത്    ജനക്കൂട്ടത്തിന്റെ വികാരത്തിന് കീഴടങ്ങലായിപ്പോയി.

         ജ്യോതിസിംഗിനുണ്ടായ അനുഭവം വിവരണാതീതമാണ്. ആ കുടുംബത്തെ സംബന്ധിച്ച് വ്യക്തിപരമായ വേദനയെങ്കില്‍ രാജ്യത്തെ സംബന്ധിച്ച് വലിയ ഒരു ദുശ്ശകുനായിപ്പോയി എ്ന്നുള്ളത് യാഥാര്‍ഥ്യമാണ്. ഭരണഘടന വിഭാവനം ചെയ്യുന്നത് പരിഷ്‌കൃതമായ രീതിയില്‍ മനുഷ്യനെ സംബന്ധിക്കുന്ന വിഷയങ്ങളുടെ നടത്തിപ്പിനുള്ള വ്യവസ്ഥയാണ് ജനായത്തം. ജ്യോതി സിംഗിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണം എന്ന ആവശ്യമാണ് മാധ്യമങ്ങളും മാധ്യമസൗഹൃദ ഇന്ത്യന്‍ മധ്യമവര്‍ഗ്ഗവും ആര്‍ത്താവശ്യപ്പെട്ടത്. ജ്യോതി സിംഗിന്റെ അച്ഛനമ്മമാര്‍ ആരുടേയോ ചട്ടുകമായി ജന്തര്‍മന്ദിറിലും പാര്‍ലമെണ്ട് ഗാലറിയിലും ഇരിക്കുന്ന ചിത്രമാണ് കാണാനിടയായത്. ജ്യോതി സിംഗിന്റെ അച്ഛനമ്മമാരോടുള്ള നീതിയായി എടുത്തുകാട്ടിയത് കുട്ടിക്കുറ്റവാളിയെ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തു വിടാതിരിക്കണമെന്നുള്ളതായിരുന്നു.

ഇവിടെ നീതി ശിക്ഷയെ പ്രതികാരവുമായി ബന്ധിപ്പിക്കുന്നുവെന്നുള്ള അപരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമാണ്. മധ്യവര്‍ഗ്ഗം മുഴുവനും നിരത്തിലിറങ്ങിയും മാധ്യമങ്ങളിലൂടെയും കുട്ടിക്കുറ്റവാളിയെ തൂക്കിക്കൊല്ലുക എന്നലറി ആവശ്യപ്പെട്ടപ്പോള്‍ കാട്ടുനീതിയുടെ സ്വരമാണ് പ്രകടമായത്.

     ഇന്ത്യയില്‍ ശിക്ഷയെ വിവക്ഷിക്കുന്നത് നവീകരണപ്രക്രീയയായിട്ടാണ്. ബാലവേല നിരോധിക്കപ്പെട്ട രാജ്യത്ത്  പതിനഞ്ച് വയസ്സില്‍ സ്വന്തം കുടുംബത്തെ പട്ടിണിയില്‍ നിന്ന് കരകയറ്റാനായി മുതിര്‍ന്നവരുടെ കൂടെ കിടന്നുറങ്ങാന്‍ പോലും സൗകര്യമില്ലാതെ ദില്ലിയില്‍ എത്തപ്പെട്ട ആ ബാലനെ ഭരണകൂടവും സമൂഹവും വിസ്മരിക്കുന്നു. ഉത്തര്‍പ്രദേശിലെ അവന്റെ വീടിന്റെ ചിത്രം ഏതാനും ദിവസം മുന്‍പ് ഹിന്ദു ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

മേല്‍ക്കുരപോലുമില്ലാത്ത വീട്ടില്‍ കഴിയേണ്ടി വന്ന , ഭക്ഷണവും വിദ്യാഭ്യാസവും നഷ്ടപ്പെട്ട ബാല്യം മധ്യവര്‍ഗ്ഗത്തിന്റെ മൂല്യങ്ങള്‍ക്കനുസരിച്ച് എങ്ങനെ പരുവപ്പെടുമെന്ന് ചിന്തിക്കാനുള്ള ബാധ്യത തെരുവിലെ ജനക്കൂട്ടത്തിനു നശിച്ചാലും പാര്‍ലമെണ്ടിന് ഉണ്ടാവേണ്ടിയിരുന്നു. തന്റെ മകന്‍ ദില്ലിയില്‍ പോയതിനു ശേഷം അവന്‍ അയച്ചു തന്ന കാശുകൊണ്ട് പട്ടിണിയില്ലാതെ കഴിയുകയായിരുന്നുവെന്ന് അവന്റെ രോഗിണിയായ അമമ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. അതായത് അവന്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ അവന്റെ വീടിന്റെ ഭാരം അവന്റെ ചുമലില്‍ വന്നു. അത് അവനില്‍ അവശേഷിച്ച നന്മയുടെ അംശം കൊണ്ടുതന്നെയെന്ന് സമ്മതിക്കാതെ നിവൃത്തിയില്ല. എന്നാല്‍ ജീവിതത്തില്‍ സ്‌നേഹവും വിദ്യാഭ്യാസവും ഭക്ഷണവും നഷ്ടപ്പെട്ട ഒരു ബാലന് കുറ്റവാളിയായി മാറുന്നുവെങ്കില്‍ പൂര്‍ണ്ണമായും സമൂഹത്തിനും ഭരണകൂടത്തിനും ആ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ല.

      പതിനാല് വയസ്സു മുതല്‍ പതിനെട്ട്  വയസ്സുവരെയുള്ള പ്രായത്തെ ടെംപററി മാഡ്‌നസ്സ് അഥവാ താല്‍ക്കാലിക ചിത്തഭ്രമ കാലം എന്നാണ് വിശേഷിപ്പിക്കപ്പെടുക. ഇന്ന് മുതിര്‍ന്നവര്‍ക്ക് എങ്ങനെ തങ്ങളുടെ ജീവിതം പരിഷ്‌കൃതമായ വിധം നീക്കണമെന്ന് അറിയാതെ ഉഴലുന്ന സാഹചര്യത്തില്‍ അവരുടെ കുട്ടികള്‍ കുററകൃത്യങ്ങളില്‍ അകപ്പെടുകയാണ് ചെയ്യുന്നത്. വന്‍തോതില്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതിന്റെ ക്രൈം റോക്കോഡ്‌സ് ബ്യൂറോ വിവരങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. മുതിര്‍ന്നവര്‍ ഉള്‍പ്പെടുന്ന വിഭാഗത്ില്‍ പെടുന്ന കൗമാരപ്രായക്കാര്‍ മുതിര്‍ന്നവര്‍ ്‌ചെയ്യുന്ന കുറ്റകൃത്യങ്ങളിലേക്ക് സ്വാഭാവികമായി ആകര്‍ഷിക്കപ്പെടും. അതാണ് ദില്ലി കൂട്ട ബലാല്‍സംഗക്കേസ്സിലും സംഭവിച്ചത്. വീണ്ടും അവന്റെ പശ്ചാത്തലം ഓര്‍ക്കാം. ഈ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊണ്ട് ഇന്ത്യയില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഒരു സാമൂഹിക വിഷയമായി കണ്ട് അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതിനു പകരമാണ് കുട്ടികളോട് ശത്രുതയും ഒരു പരിധിവരെ നിഷ്‌കളങ്കതയോട് യുദ്ധം പ്രഖ്യാപിക്കുന്ന രീതിയിലുളള ജൂവനൈല്‍ ജസ്റ്റിസ് ബില്‍ ഭേദഗതി ചെയ്തത്. യഥാര്‍ഥത്തില്‍ കുട്ടികള്‍ക്ക് ജസ്റ്റിസ് നിഷേധിക്കുന്നതായിപ്പോയി ഈ ഭേദഗതി.

     ഒരു പരിഷ്‌കൃത സമൂഹം ഏറ്റുവും അവധാനതയോടെയും സ്‌നേഹത്തോടെയും കൈകാര്യം ചെയ്യേണ്ട വിഷയമാണ് കൗമാരക്കാരായ കുട്ടികളെ സംബന്ധിക്കുന്ന വിഷയങ്ങള്‍. സ്‌കൂളുകളിലും കോളേജുകളിലുമൊക്കെ ബാലകുറ്റവാളിയെ നിശ്ചയിക്കുന്ന വയസ്സ് പതിനെട്ടില്‍ നിന്ന് പതിനാറിലേക്കാക്കിയത് സ്വാധീനിക്കും. ഇത് അധ്യാപകരുടെ വിദ്യാര്‍ഥികളോടുളള സമീപനത്തില്‍ പ്രതിഫലിക്കാനും സ്ാധ്യതയുണ്ട്. ഇപ്പോള്‍ തന്ന സങ്കീര്‍ണ്ണമായ ഒരു മണ്ഡലമാണത്. അത് കൂടുതല്‍ സങ്കീര്‍ണ്ണമാകാനേ ഈ നിയമഭേദഗതി സഹായിക്കുകയുള്ളു. മാത്രമല്ല പ്രതികാരവുമായി ചേര്‍ത്തുവെച്ച് ശിക്ഷയെ കാണുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കുന്നതുമായി ഈ ഭേദഗതി.

 

 

Tags: