ദേഷ്യപ്പെടുന്ന കേരളം

Glint Staff
Thu, 13-02-2014 05:00:00 PM ;

യൗവനം പൊതുവേ അൽപ്പം ക്ഷുഭിതമായിരിക്കും. യൗവനത്തിലെ ഊർജ്ജം ക്രിയാത്മകമായി വിനിയോഗിക്കാൻ കഴിയാതെ വരുമ്പോൾ അടിഞ്ഞുകൂടുന്ന ഊർജ്ജമാണ് ക്ഷോഭമായി പുറന്തള്ളപ്പെടുന്നത്. ചില തത്വശാസ്ത്രങ്ങൾ ചൂണ്ടകളാക്കി ചിലർ ആ യൗവനത്തെ കുരുക്കാറുമുണ്ട്. അതിനുള്ള ഉദാഹരണങ്ങൾ കേരളത്തിൽ യഥേഷ്ടം. ഇപ്പോൾ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെന്റൽ ഹെൽത്ത് സ്റ്റഡീസ് (നിംഹാൻസ്) നടത്തിയ പഠനത്തിൽ കൊച്ചിക്ക് ഇന്ത്യയിൽ ദേഷ്യത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനം. ഒന്നും രണ്ടും സ്ഥാനങ്ങൾ ഇൻഡോറിനും ജമ്മുവിനും. കേരളത്തില്‍ കൊച്ചിയിലെ യുവതീയുവാക്കളിലാണ് പഠനം നടത്തിയത്. കൊച്ചിയിലെ യുവതീയുവാക്കൾ എന്നു പറയുമ്പോൾ കേരളത്തിലെ യുവതലമുറയാണ്. കാരണം കൊച്ചിയിൽ കാണുന്ന ജനത്തിൽ കൂടുതലും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നെത്തിയവരാണ്. അതുകൊണ്ടുതന്നെ മറ്റേതു നഗരത്തേക്കാളും കേരള പരിഛേദ സമൂഹം കൊച്ചിയിലാണുള്ളത്.

 

പഠനം വ്യക്തമാക്കുന്നത് കേരളം ഒരു ദേഷ്യസംസ്ഥാനമായി മാറിയിരിക്കുന്നു എന്നാണ്. അതു മനസ്സിലാക്കാൻ വലിയ ശാസ്ത്രീയ പഠനത്തിന്റെ ആവശ്യമില്ല. ടെലിവിഷൻ ചാനലുകളിലൂടെ ഒന്നു നോക്കിയാൽ അതറിയാൻ കഴിയും. ദേഷ്യഘടകമാണ് പലപ്പോഴും ചൂടുള്ള വാർത്ത ടെലിവിഷൻ ചാനലുകൾക്ക് സമ്മാനിക്കാറുള്ളത്. സോളാർ പ്രക്ഷോഭത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതി പിക്കറ്റ് ചെയ്ത ഇടതുമുന്നണി പ്രവർത്തകരെ വിറപ്പിച്ച സന്ധ്യയും പ്രകടമാക്കിയത് ദേഷ്യം തന്നെയാണ്. ആ ദേഷ്യപ്രകടനം സമ്മാനാർഹവുമായി. കൊച്ചൗസേപ്പ് ചിറ്റപ്പള്ളിയുടെ അഞ്ചു ലക്ഷം രൂപ.

 

പ്രതികരണമെന്നാൽ ദേഷ്യം എന്ന സമവാക്യത്തിലേക്ക് കേരളീയ സമൂഹം മാറിയിട്ട് കുറേ കാലമായി. ദേഷ്യം എന്നാൽ കായികമല്ലാത്ത ഹിംസയാണ്. ആ ഹിംസാത്മകത സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടാവുമ്പോൾ അതിനെ മഹത്വവത്കരിച്ച് മാധ്യമങ്ങൾ അവതരിപ്പിക്കാറുമുണ്ട്. 22എഫ്.കെ സിനിമയുടെ വിജയവും കേരളീയ മന:ശ്ശാസ്ത്രവും അതു സൂചിപ്പിക്കുന്നു. വളരെ ആസൂത്രിതമായി കുറ്റകൃത്യങ്ങളിലേർപ്പെടുന്ന നായികയ്ക്ക് കിട്ടിയ കൈയ്യടിയാണ് ആ ചിത്രത്തിന്റെ വിജയം സൃഷ്ടിച്ചത്. ചിന്തയിലും വികാരങ്ങളിലും അക്രമവാസന കടന്നുകൂടിയതാണ് മലയാളിയുടെ ഈ ദേഷ്യത്തിന്റെ അടിസ്ഥാന കാരണം. മറ്റൊരാളെ അംഗീകരിക്കാനോ ഉൾക്കൊള്ളാനോ കഴിയാത്ത അവസ്ഥ. ഈ അവസ്ഥയുടെ ഉറവിടം കേരളീയ ഭവനങ്ങൾ തന്നെയാണ്. വീടിനുള്ളിലെ ഉറ്റ ബന്ധുക്കൾ തമ്മിൽ നിലനിൽക്കുന്ന താളം തെറ്റിയ ബന്ധത്തിന്റെ പ്രതിഫലനമാണ് നിരത്തിലും പൊതുസ്ഥലങ്ങളിലും കാണുന്നത്. അതറിയാൻ ഏറ്റവും നല്ല സ്ഥലം ട്രാഫിക് ജംഗ്ഷനുകളാണ്. ഓരോരുത്തരും വാഹനങ്ങൾ തിക്കിത്തിരക്കി കുത്തിക്കയറ്റി മുൻപിൽ നിൽക്കുന്നവരെ പിന്നിലാക്കി പായാൻ ശ്രമിക്കുന്നു. ഇതിന്റെ ഫലമായി ഉണ്ടാവുന്നത് ട്രാഫിക് കുരുക്കുകളാണ്. സമയനഷ്ടമുണ്ടായാലും ആ ശീലത്തിൽ നിന്ന് പിന്മാറാൻ കഴിയാത്തത് അക്ഷമയുടെ തള്ളിക്കയറ്റം കൊണ്ടാണ്. എൻ.എച്ച്-47ൽ ചാലക്കുടി മുനിസിപ്പൽ ആപ്പീസിനു സമീപമുള്ള ട്രാഫിക്ക് ജംഗ്ഷനിൽ വച്ചിരിക്കുന്ന ബോർഡ് ശ്രദ്ധേയം. അതാവശ്യപ്പെടുന്നു, ദയവുചെയ്ത് ട്രാഫിക് ജംഗഷനിൽ അക്ഷമ കാട്ടരുതെന്ന്.

 

ഈ അക്ഷമ വ്യക്തിയിൽ സംഭവിക്കുന്നതാണ്. അതാകട്ടെ അജ്ഞത കൊണ്ടും. വിദ്യാഭ്യാസം കൂടുതലുള്ളവരിലാണിപ്പോൾ ഈ ദേഷ്യം കൂടുതൽ പ്രകടമാവുന്നത്. അവർക്ക് പൊതുസ്ഥലങ്ങളിൽ വച്ച് ദേഷ്യം പ്രകടിപ്പിക്കാൻ തെല്ലും വൈമനസ്യമില്ല. മുൻപ് നാലക്ഷരം പഠിച്ചവർ എന്നു കരുതപ്പെടുന്നവർ മാന്യമായി പെരുമാറുന്നവരാണെന്ന് പഴഞ്ചൊല്ലു പോലുള്ള സാമൂഹ്യ സമവാക്യമുണ്ടായിരുന്നു. അതാണ് വിദ്യാഭ്യാസമുള്ളവരെ പരസ്യമായി ദേഷ്യപ്രകടനത്തിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നത്. മാധ്യമനിയന്ത്രിത കാലഘട്ടത്തിൽ ഹിംസയും കുറ്റകൃത്യസമാനമായ പ്രവൃത്തികളും മഹത്വവത്ക്കരിക്കപ്പെട്ടതാണ് ഈ പഴഞ്ചൊല്ലിൽ പതിരു വരുവാൻ കാരണമായത്. സാംസ്കാരിക പ്രവർത്തകർ പോലും പരസ്പരം ചാനലുകളിൽ നിസ്സാര സംഭവങ്ങളുടെ പേരിൽ ദേഷ്യപ്രകടനങ്ങളും മറ്റും നടത്തുമ്പോൾ സാധാരണക്കാരുടെ മനോവൃത്തികളിൽ ഉണ്ടാക്കുന്ന വ്യതിയാനം വളരെ വലുതാണ്. നാടിനെ നയിക്കുന്ന രാഷ്ട്രീയ പ്രവർത്തകരും മന്ത്രിമാരും എല്ലാം പലപ്പോഴും ചർച്ചകളിൽ പങ്കെടുക്കുമ്പോൾ പെട്ടന്നു തന്നെ ദേഷ്യത്തിലേക്ക് വഴുതിവീഴുന്ന കാഴ്ച പതിവാണ്. ടെലിവിഷൻ സാന്നിദ്ധ്യം എല്ലാ വീടുകളിലുമുണ്ട്. വീട്ടിനുള്ളിൽ ഈ ചാനലുകളിലൂടെ പലപ്പോഴും നിറഞ്ഞുനിൽക്കുന്നതും ഇത്തരം വിപരീതാത്മക അന്തരീക്ഷമാണ്. അതിനുപുറമേ വാര്‍ത്തകള്‍ തുടങ്ങി മിക്കവാറും എല്ലാ പരിപാടികളുടേയും ഉള്ളടക്കവും ഇവ്വിധമുള്ളതാണ്. പ്രകൃതി ഒരുക്കിത്തന്നിട്ടുള്ള അനുകൂല കാലാവസ്ഥയും നാം കൈവരിച്ച യന്ത്രസഹായ ജീവിതരീതിയും വ്യക്തിയുടെ ഊർജ്ജവിനിമയത്തിന് വഴിവയ്ക്കുന്നില്ല. ആ ഭൗതികകാരണവും ചിന്തയിലും വൈകാരികതയിലും കടന്നുകൂടിയിരിക്കുന്ന വിപരീതാത്മകതയും ചേർന്നുള്ള രാസപ്രവർത്തനത്തിൽ വ്യക്തിക്ക് സ്വയം സഹിക്കാൻ കഴിയാതെ വരുന്നതിന്റെ പ്രതിഫലനമാണ് ദേഷ്യം. കേരളം മദ്യപാനത്തിന്റെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിൽ വരാനും വ്യക്തി അനുഭവിക്കുന്ന ഈ എരുപിരിത്തരമാണ്. വർധിച്ചുവരുന്ന വിവാഹമോചനക്കേസ്സുകളുടേയും കാരണം ഇതാണ്. ഇവിടെയാണ് വ്യക്തിജീവിതം ചിട്ടപ്പെടുത്തുന്നതിന് ഉതകുന്ന സംവാദങ്ങളുടേയും പ്രവർത്തനങ്ങളുടേയും പാഠ്യപദ്ധതികളുൾപ്പടെയുള്ള പദ്ധതികളുടേയുമൊക്കെ പ്രസക്തി. അതിലൂടെ മലയാളിയുടെ അമിതമായി അവശേഷിക്കുന്ന ഊർജ്ജം സർഗ്ഗാത്മകവും ക്രിയാത്മകവുമാക്കാൻ കഴിയണം. അല്ലാത്തപക്ഷം മലയാളി സ്വയം പൊട്ടിത്തെറിക്കുന്ന ചലിക്കുന്ന അഗ്നിപർവ്വതമായി മാറിക്കൊണ്ടിരിക്കും. ഇവിടെ ഉത്തരവാദിത്വം പ്രാഥമികമായി എടുക്കേണ്ടത് വ്യക്തി തന്നെയാണ്. സ്റ്റേറ്റിന്റെ ഉത്തരവാദിത്വം രണ്ടാമതേ വരുന്നുള്ളു.