സെൻകുമാറും എസ്ഡിപിഐ പോസ്റ്ററും

Tue, 29-10-2013 06:30:00 PM ;

sdpi poster against senkumar

കേരളത്തിന്റെ പ്രധാന നഗരങ്ങളിലെല്ലാം ഒക്‌ടോബർ അവസാനവാരം ഒരേപോലെ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റർ - എഡിജിപി ടി.പി സെൻകുമാർ ജാതി തിരുത്തി ജോലി നേടിയത് സി.ബി.ഐ അന്വേഷിക്കുക,എസ്.ഡി.പി.ഐ. മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന വാർത്തയെ അടിസ്ഥാനമാക്കിയാണ് ഈ പോസ്റ്റർ പതിക്കപ്പെട്ടിട്ടുള്ളത്. അരയ സമുദായത്തിൽ പെട്ട സെൻകുമാർ മലയരയ സമുദായാംഗമാണെന്ന് കാണിച്ച് ഐപിഎസ് നേടിയെന്നും അതിനെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നുമായിരുന്നു മാതൃഭൂമി വാർത്ത. തങ്ങൾ പ്രസിദ്ധീകരിച്ചത് വസ്തുതാപരമായി തെറ്റാണെന്ന് മാതൃഭൂമി ഒക്‌ടോബർ 26-ന് സമ്മതിക്കുകയും ഇത്തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ചതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

 

മാതൃഭൂമിയുടെ ഏറ്റവും വലിയ കരുത്തെന്ന് പറയുന്നത് അതിന്റെ വിശ്വാസ്യതയാണ്. മാതൃഭൂമിയുടെ ജന്മമെടുപ്പും പാരമ്പര്യവുമായി ബന്ധപ്പെട്ട് ആർജിതമായ കരുത്താണത്. ഇന്നും അതവശേഷിക്കുന്നത് ചരിത്രവും സാമൂഹ്യശാസ്ത്രവും തമ്മിലുള്ള പൊക്കിൾക്കൊടിബന്ധത്തിന്റെ ഉത്തമ ദൃഷ്ടാന്തവുമാണ്. ആ പാരമ്പര്യത്തിന് ഏറ്റ കനത്ത പ്രഹരമാണ് സെൻകുമാറിനെതിരെ പ്രസിദ്ധീകരിക്കപ്പെട്ട വാർത്ത. ഖേദം പ്രകടിപ്പിക്കുക വഴി വന്നുപോയ തെറ്റ് തിരുത്തി. നല്ലകാര്യം.

 

ഏതെങ്കിലും വ്യക്തിയുടെ വ്യക്തിത്വഹത്യയിൽ കലാശിക്കുന്ന അന്വേഷണാത്മക റിപ്പോർട്ടെന്ന് തോന്നിക്കപ്പെടുന്ന മിക്ക വാർത്തകളുടെയും ഉത്ഭവം ആ വ്യക്തിയെ തേജോവധം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയുള്ളതായിരിക്കും. ഇത്തരത്തിലുള്ള വാർത്ത മാധ്യമപ്രവർത്തകരുടെ പക്കൽ എത്തുക 99 ശതമാനവും അവ്വിധമായിരിക്കും. എല്ലാവിധ തെളിവുകളും രേഖകളും ഹാജരാക്കിക്കൊണ്ടാവും ഇത്തരക്കാർ മാധ്യമപ്രവർത്തകരെ സമീപിക്കുക. അവിടെയാണ് മാധ്യമപ്രവർത്തകൻ വെല്ലുവിളി നേരിടുന്നത്. ആർക്കും കിട്ടാത്ത ഒരു വാർത്ത പ്രസിദ്ധീകരിച്ച് കേമത്തം കാട്ടാനുള്ള അൽപ്പത്ത ചിന്തയ്ക്ക് അടിമയാകുന്ന മാധ്യമപ്രവർത്തകർ അവിടെ വളരെ എളുപ്പം ഒരു ഗൂഢാലോചനയുടെ ഇരയാവുന്നു. പലപ്പോഴും വാർത്ത വരുന്ന  വഴി അതുതന്നെയാകാം. എന്നാൽ തങ്ങളുടെ കൈയ്യിൽ കിട്ടിയത് ശരിയാണോ എന്നന്വേഷിച്ച് ഉറപ്പുവരുത്തേണ്ടത് മാധ്യമപ്രവർത്തകരുടെ കടമയാണ്. പലപ്പോഴും ചില മാധ്യമപ്രവർത്തകർ ക്രോസ്‌ചെക്ക് ചെയ്യാതെ ഇത്തരം വാർത്ത കൊടുക്കുന്നു. അവർക്കുതന്നെ പേടിയാണ് ക്രോസ്‌ചെക്ക് ചെയ്താൽ തങ്ങളുടെ പക്കലെത്തിയ വാർത്ത വാർത്തയല്ലാതായി മാറുമോ എന്ന്. ഇത്തരം സന്ദർഭങ്ങളിൽ വസ്തുത ഉറപ്പാക്കാനുളള പൊതുവേ അംഗീകരിക്കപ്പെട്ട വ്യവസ്ഥാപിത രീതികളുണ്ട്. അവയൊന്നും ഈ വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ മാതൃഭൂമി പാലിച്ചില്ല. ഇത് മാതൃഭൂമിക്കു മാത്രമല്ല മാധ്യമപ്രവർത്തനത്തിനാകെത്തന്നെ കളങ്കം വരുത്തി വയ്ക്കുന്നതായിപ്പോയി.

 

ഒരു ഐപിഎസ് ഓഫീസർക്കെതിരെ ഇത്തരത്തിലുള്ള ആരോപണം ഉണ്ടാവുകയാണെങ്കിൽ അത് അന്വേഷിക്കുന്നതിനുള്ള  സംവിധാനം സിവിൽ സർവീസിലുണ്ടെന്ന  ശരാശരി പ്രാഥമിക ചിന്തപോലും ഉണ്ടായില്ല. ഇദ്ദേഹം ജനറൽ മെരിറ്റിലാണോ അതോ സംവരണാനുകൂല്യത്തിലാണോ ജോലിയിൽ പ്രവേശിച്ചതെന്നന്വേഷിച്ചറിയാൻ ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇന്റലിജന്‍സ് മേധാവിയായ അദ്ദേഹം ഇത്തരത്തിലുള്ള വ്യക്തിയാണെങ്കിൽ അത് പുറത്തുകൊണ്ടുവരേണ്ടത് ആവശ്യം തന്നെയാണ്. അദ്ദേഹത്തെക്കുറിച്ച് ഇത്തരത്തിലൊരു വാർത്ത കൊടുത്തപ്പോൾ ഒരു ഫോൺകാൾ ചെലവാക്കിയിരുന്നെങ്കിൽ സെൻകുമാറിന്റെ അഭിപ്രായം ആരായാൻ കഴിയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണമില്ലാതെ ആ വാർത്ത പ്രസിദ്ധീകരിക്കാൻ തീരുമാനിക്കപ്പെട്ടത് ആശങ്കയേക്കാളുപരി അത്ഭുതമുളവാക്കുന്നു.

 

TP Senkumar IPSമാതൃഭൂമി ഖേദം പ്രകടിപ്പിക്കാൻ കാരണം എല്ലാ വസ്തുതയും  തെറ്റായതുകാരണമാണ്. സെൻകുമാർ അരയ സമുദായത്തിൽപെട്ട ആളല്ല. ഈഴവസമുദായാംഗമാണ്. സംവരണാനുകൂല്യത്തിലല്ല സർവ്വീസിൽ പ്രവേശിച്ചതും. ഈ വാർത്ത വന്നതിന്റെ തൊട്ടുപിന്നാലെ എന്തുകൊണ്ട് എസ്.ഡി.പി.ഐ കേരളത്തിലെ പ്രധാനനഗരങ്ങളിൽ ഇത്തരത്തിൽ പോസ്റ്റർ പതിച്ചു? അതാണ് ഇവിടെ അന്വേഷണവിധേയമാക്കേണ്ടത്. എസ്ഡിപിഐ പൊതുതാൽപ്പര്യം കണക്കിലെടുത്താണോ ഇത്തരത്തിൽ പോസ്റ്റർ പതിച്ചത്. അല്ലെങ്കിൽ എന്തുകൊണ്ട്?

 

കേരളത്തിൽ മുസ്ലീം സമുദായത്തെ ഒന്നാകെ കളങ്കപ്പെടുത്തുന്ന വിധമുള്ള ഭീകര-ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ  ഏർപ്പെടുന്ന ന്യൂനപക്ഷമുണ്ട്. അത് വസ്തുതയാണ്. സമീപകാല അനുഭവങ്ങൾ അതു ശരിവയ്ക്കുകയും ചെയ്യുന്നു. കേരളം കേന്ദ്രീകൃതമായി ഇത്തരം ദേശവിരുദ്ധപ്രവർത്തനങ്ങൾ നടക്കുന്നതായി  സെൻകുമാറിന്റെ നേതൃത്വത്തിലുള്ള ഇന്റലിജന്‍സ് വകുപ്പ് വിശദമായ റിപ്പോർട്ട് കേന്ദ്രത്തിനും എൻഐഎക്കും നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.  സെൻകുമാർ അത്തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയതിൽ എന്തിന് എസ്ഡിപിഐക്ക് നോവണം? തങ്ങൾ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെങ്കിൽ സെൻകുമാർ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാനാണ് എസ്ഡിപിഐ ആവശ്യപ്പെടേണ്ടത്.

 

സെൻകുമാറിനെതിരെ ആസൂത്രിതമായ നീക്കം എസ്ഡിപിഐ നടത്തുന്നുവെന്ന സംശയത്തിന് ഇട നല്‍കുന്നതാണ് അദ്ദേഹത്തിനെതിരെ വന്ന തെറ്റായ വാർത്തയുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനമൊട്ടുക്ക് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇവിടെയാണ് മാതൃഭൂമി വാർത്ത ആശങ്കയുയർത്തുന്നത്. മുഖ്യധാരാ മാധ്യമങ്ങളെ തങ്ങൾ ലക്ഷ്യംവയ്ക്കുന്ന കാര്യങ്ങൾ നടപ്പിൽ വരുത്തുന്നതിനായി ചില സംഘടനകൾ ഉപയോഗിക്കുന്നു എന്നുള്ളതിന്റെ സൂചനയായി മാറുന്നു ഇത്. പലവിധത്തിലാണ് ഇത്തരത്തിൽ മുഖ്യധാരാ മാധ്യമങ്ങൾ പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്. സെൻകുമാറിനെതിരെ ആസൂത്രിതമായ നീക്കം ഉണ്ടെന്നുള്ളത് പകൽപോലെ വ്യക്തം. ആരാണ് അതിനു പിന്നിൽ? അവരുടെ താൽപ്പര്യം എന്ത്? എന്താണ് സെൻകുമാറിനെത്തിരെ ഇത്തരത്തിൽ നീക്കമുണ്ടാകാൻ കാരണങ്ങൾ?  ഇതെല്ലാം  പുറത്തുവരേണ്ട കാര്യങ്ങളാണ്. അല്ലെങ്കിൽ ഈ ശക്തികൾ തങ്ങളുടെ ലക്ഷ്യം നിറവേറ്റാൻ അടുത്ത കുതന്ത്രങ്ങളിലേക്കു  നീങ്ങും.

 

താഴേക്കിടയിലുള്ള ഉദ്യോഗസ്ഥർ മുതൽ ഏറ്റവും ഉയർന്ന തലത്തിലുള്ളവർ വരെ തങ്ങളുടെ ജാതിയും മതവും പുറത്തറിയിച്ച് ചില സന്ദർഭങ്ങളിൽ ആനുകൂല്യങ്ങൾ പോലും നേടാൻ ശ്രമിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആ സാഹചര്യത്തിൽ സർവ്വീസിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുന്ന സെൻകുമാർ ഏത് ജാതിയിൽപെട്ടവനാണെന്ന് പൊതുജനം അറിഞ്ഞില്ലെന്നുള്ളത് ആ ഉദ്യോഗസ്ഥന്റെ വ്യക്തിത്വത്തിന്റെ മികവു തന്നെയാണ്. അത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥനെതിരെയാണ് ഈ ആസൂത്രിത നീക്കം എന്നറിയുമ്പോൾ ഈ വാർത്ത വന്നതും തുടർന്ന് പോസ്റ്റർ പ്രത്യക്ഷപ്പെട്ടതും  ഗൗരവത്തോടെ കാണേണ്ടതാണ്.

Tags: