കണക്കില്‍ കുറഞ്ഞ 9 ശതമാനവും കയ്യില്‍ കുറഞ്ഞ 22 ശതമാനവും

Mon, 07-10-2013 05:45:00 PM ;

k babuസംസ്ഥാനസർക്കാർ  അര്‍ദ്ധവാർഷിക കണക്കെടുത്തപ്പോൾ നികുതിപിരിവിൽ വൻകുറവ്. 34 ശതമാനം പ്രതീക്ഷിച്ചിടത്ത് 12 ശതമാനം. 22 ശതമാനത്തിന്റെ കുറവ്. ഇതിനെത്തുടർന്ന് ബൽട്ട് എങ്ങിനെ മുറുക്കണമെന്നുള്ളതിന്റെ വിദ്യകൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണെ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നു. കണക്കുകളില്‍ ഏറ്റവും ശ്രദ്ധേയമായത് ഇക്കൊല്ലത്തെ മദ്യവിൽപ്പനയിൽ ഒമ്പതു ശതമാനം കുറവ് കണ്ടെത്തിയെന്നുള്ളതാണ്. മദ്യവിരുദ്ധ പ്രവർത്തനങ്ങളുടെ ഫലമായി കേരളീയർ കുടിയിൽ നിന്ന് പിൻവാങ്ങുന്നതിന്റെ ലക്ഷണമാണിതെന്നാണ് ഓണക്കാലത്ത് എക്‌സൈസ് വകുപ്പുമന്ത്രി കെ.ബാബു അവകാശപ്പെട്ടത്. ഈ വിവരം കേരളം സുപ്രീം കോടതിയേയും അറിയിക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ ഈ സിദ്ധാന്തം അപ്പടി സ്വീകരിക്കാൻ ധനകാര്യവകുപ്പുമന്ത്രി കെ.എം.മാണി തയ്യാറല്ല. മദ്യാസക്തിയിലുണ്ടായ കുറവുകൊണ്ടാണ് മദ്യവിൽപ്പനയിൽ കുറവുണ്ടായതെന്ന് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ലെന്ന് അദ്ദേഹം തുറന്നുതന്നെ സമ്മതിച്ചു.

 

34 ശതമാനം നികുതിവരുമാനം പ്രതീക്ഷിച്ച സ്ഥാനത്ത് എന്തുകൊണ്ട് അത് 12 ആയി ചുരുങ്ങി എന്നുള്ളതും കണ്ടെത്താൻ ചീഫ് സെക്രട്ടറിയോട്  മന്ത്രിസഭ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയും നാളത്തെ പരിചയം വച്ചും ശരാശരി മനുഷ്യന് സദാസമയം ലഭ്യമായിരിക്കുന്ന സാമാന്യബുദ്ധിയും വച്ചുനോക്കുമ്പോൾ മന്ത്രിസഭയിലെ ഓരോ അംഗത്തിനും, വിശേഷിച്ചും ധനകാര്യമന്ത്രിക്ക്, ഈ കുറവിന്റെ കാരണം ഒറ്റനോട്ടത്തിൽ തന്നെ പിടികിട്ടേണ്ടതാണ്. സരിതവിഷയത്തിൽ ചുറ്റിത്തിരിഞ്ഞും അതിൽ നിന്ന് കരകയറാനുമായി സർക്കാരും  ഭരണമുന്നണിയിലെ സര്‍ക്കാര്‍ വീഴരുതെന്നാഗ്രഹിക്കുന്നവരും കഴിഞ്ഞ നാലുമാസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഏവർക്കും ബോധ്യമാണ്. അതിന് സാധാരണ ഭരണത്തിനു വേണ്ട വൈവിദ്ധ്യങ്ങളായ ശേഷിയും ജാഗ്രതയും മാത്രം പോരാ. സകല ശ്രദ്ധയും അടവുകളും മുഴുവൻ പയറ്റിയേ കഴിയൂ. അതിൽ ഈ സർക്കാർ ഇതുവരെ വിജയിച്ചുനിൽക്കുന്നു. ഇപ്പോൾ കോടതി എന്തുപറഞ്ഞാലും പ്രതിപക്ഷം എന്തുപറഞ്ഞാലും ഒരു പ്രശ്‌നവുമില്ല. മാധ്യമങ്ങൾ എത്ര ഒളിക്ക്യാമറകൾ വെച്ചുവേണമെങ്കിൽ ഏതു രംഗങ്ങളും പിടിച്ച് ജനത്തെ കാണിച്ചുകൊള്ളട്ടെ. അതൊന്നും സർക്കാരിന് ഒരു പ്രശ്‌നവുമല്ല. അതാണ് ഈ സർക്കാർ കഴിഞ്ഞ നാലുമാസം കൊണ്ട് നേടിയ വിജയം. ചിലപ്പോൾ മുഖ്യമന്ത്രിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പറയുന്നത് ശരിയാകാം. അല്ലെങ്കിൽ മറിച്ചാകാം. രണ്ടായാലും നാലുമാസമായി ഭരണരംഗം സ്തംഭനാവസ്ഥയിലായിരുന്നു. ഇപ്പോഴും അതിൽ നിന്ന് വിമുക്തമായിട്ടില്ല.

 

km maniചരിത്രത്തിലിന്നോളം എത്ര തന്നെ കർശനമായ നികുതിപിരിവും പരിശോധനയും ഏർപ്പെടുത്തിയാലും അതിനെ മറികടക്കാത്ത സന്ദർഭങ്ങളുണ്ടായിട്ടില്ല. ഓരോ ഓണക്കാലം വരുമ്പോഴും സർക്കാർ പ്രകടമായി ഏറ്റവും കൂടുതൽ ജാഗ്രത പുലർത്തുന്നത് വ്യാജമദ്യം സംസ്ഥാനത്തേക്കു കടത്തിക്കൊണ്ടുവരുന്നതു തടയാനാവും. മുന്നറിയിപ്പുകളും സംവിധാനങ്ങളുമൊക്കെ പ്രഖ്യാപിക്കുകയും ചെയ്യും. എന്നിരുന്നാലും അതിനെയൊക്കെ വെട്ടിച്ചുകൊണ്ട് മദ്യംകടത്തലുണ്ടാകും. പേരിനെങ്കിലും എവിടെയെങ്കിലും മദ്യവുമായി വരുന്ന ലോറികൾ പിടിക്കപ്പെടുകയും അതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വരുത്തിക്കുകയും ചെയ്യുക പതിവാണ്. ഇക്കുറി ഭരണസംവിധാനം മൊത്തത്തിൽ സ്തംഭിച്ചതിനെത്തുടർന്നാണ് 12 ശതമാനത്തിലേക്ക് നികുതി വരുമാനം കുറഞ്ഞത്. സ്തംഭിച്ച ഭരണസംവിധാനത്തിൽ മന്ത്രിമാരുടേയും മുഖ്യമന്ത്രിമാരുടേയും സുരക്ഷ പ്രതിപക്ഷസമരത്തിൽ തലവേദനയായിരിക്കുകയും ചെയ്ത സാഹചര്യത്തിൽ കഴിഞ്ഞ ഓണത്തിന് കേരളത്തിലേക്ക് കടത്തപ്പെട്ട മദ്യത്തിന്റെ തോത് കേരളചരിത്രത്തിലെ വ്യാജമദ്യക്കടത്തിലെ ഏറ്റവും വലുതു തന്നെ. അതാണ് സർക്കാർ മദ്യവിൽപ്പനയിൽ ഒമ്പതു ശതാമാനം കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. അതും ചരിത്രത്തിലാദ്യമാണെന്നോർക്കാം.

 

സാധാരണനിലയിൽ കേരളത്തിലെ ബാറുകളിൽ വർഷങ്ങളായുള്ള പതിവനുസരിച്ച് അഞ്ഞൂറുരൂപയുടെ മദ്യം വിൽക്കുമ്പോൾ നൂറു രൂപയിൽ താഴെയുള്ളതിന്റെ നികുതി മാത്രമാണ് സംസ്ഥാന ഖജനാവിലേക്കെത്തുന്നത്. ബാക്കിമുഴുവൻ അന്യസംസ്ഥാനങ്ങളിൽനിന്ന് ഇവിടെ കൊണ്ടുവരുന്നവ  നിറം കലക്കി കൊടുക്കുകയാണ് ചെയ്യുന്നത്. അതാണ് സെക്കൻഡ്‌സ് എന്ന പേരിലറിയപ്പെടുന്നത്. ഇത് സർക്കാരിനും ഇവിടുത്തെ നേതാക്കൾക്കെല്ലാം അറിവുള്ളതാണ്. എന്നിട്ടും ക്രമാനുഗതമായി മദ്യവിൽപ്പന കൂടുന്ന കണക്കാണ് ഇതുവരെ കേരളത്തിലുണ്ടായിട്ടുള്ളത്. ബാറുകളുടെ എണ്ണവും തിരുക്കും ബീവറേജസ് കോർപ്പറേഷൻ ഔട്ട്‌ലറ്റുകളുടെ മുന്നിലെ നീണ്ട നിരയുമൊക്കെ ഇത് ശരിയും വയ്ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനസർക്കാർ സത്യവാങ്മൂലം തള്ളിക്കൊണ്ട് വർധിച്ച മദ്യഉപഭോഗത്തിന്റെ പേരിൽ സുപ്രീംകോടതി  കഴിഞ്ഞമാസം ശക്തമായ ഭാഷയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചത്. അപ്പോൾ മദ്യവിൽപ്പനയിലുണ്ടായിരിക്കുന്ന ഈ ഔദ്യോഗിക കുറവ് ഇക്കുറി കേരളത്തിലേക്കു കടത്തപ്പെട്ട വ്യാജമദ്യത്തിന്റെ തോത് വ്യക്തമാക്കുന്നു. എത്ര കോടികളുടെ മദ്യം കടത്തപ്പെട്ടിട്ടുണ്ടെന്ന് വേണമെങ്കിൽ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ അതിലുൾപ്പെടുത്താൻ ചീഫ്‌സെക്രട്ടറിക്ക് നിഷ്പ്രയാസം സാധ്യമാകുന്നതാണ്.

 

സരിതവിഷയം സൃഷ്ടിച്ച ആഘാതവും അവസരവുമാണ് ഇവിടെ തെളിഞ്ഞുവരുന്നത്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്കും  സർക്കാരിന്റെ പദ്ധതി നടത്തിപ്പിനേയും അതുവഴി സംസ്ഥാനത്തിന്റെ പൊതുവികസനത്തേയും നേരിട്ടുബാധിച്ചിരിക്കുന്നു. അതേസമയം കേരളത്തിലെ മദ്യലോബിക്ക് ചരിത്രത്തിലെ എക്കാലത്തേയും വൻ നേട്ടം ഉണ്ടായിരിക്കുന്നു. നൂറുകളുടെ കണക്കുവിട്ട് ആയിരക്കണക്കിനു കോടികളുടെ കണക്കിലേക്കായിരിക്കും ആ കഥ നീങ്ങുക. ആറ് മാസം മുൻപ് വ്യാജമദ്യം കയറ്റിവന്ന ഒരു ലോറി അപകടത്തിൽ പെട്ട് ആലപ്പുഴയിൽ ഒരാൾ മരിക്കുകയുണ്ടായി. ലോറി ഡ്രൈവർ ലോറി ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. പിന്നീടാണറിയുന്നത് ലോറിയിൽ മുഴുവൻ വ്യാജമദ്യമായിരുന്നുവെന്നത്. അത് പോലീസിൻറെ ശ്രദ്ധയിൽപ്പെട്ടെങ്കിലും തുടർനടപടികളുമായി മുന്നോട്ടുപോകാനായില്ല. കാരണം അന്വേഷണം തുടങ്ങുമ്പോൾ തന്നെ ശക്തമായ രാഷ്ട്രീയ മത കേന്ദ്രങ്ങളിലേക്കു നീങ്ങും.

 

തങ്ങളുടെ പ്രവർത്തനത്താൽ മദ്യഉപഭോഗം കുറഞ്ഞുവെന്ന് എക്‌സൈസ് മന്ത്രി ചാനലുകളിലൂടെ അവകാശപ്പെടുമ്പോഴും അദ്ദേഹത്തിനുണ്ടായ ദ്രുതദൃഷ്ടിചലനം ശ്രദ്ധേയമായിരുന്നു. കാരണം എന്താണ് യഥാർഥ അവസ്ഥയെന്നുള്ളത് അദ്ദേഹത്തിന് അറിയാതിരിക്കാൻ വഴിയില്ല. അതാണ് ധനകാര്യമന്ത്രി കെ.എം.മാണിയും ഇപ്പോൾ പരസ്യമായി പറഞ്ഞിട്ടുള്ളത്. സരിതവിഷയവും അനുബന്ധവിഷയങ്ങളും  സജീവമാക്കി നിർത്തുന്ന മാധ്യമങ്ങളെ എത്ര നന്ദിപറഞ്ഞാലും മദ്യലോബിക്കു മതിയാകില്ല.

Tags: