കുഞ്ഞുകേരളത്തിലെ 76000 ഏക്കർ ഭൂമിയും ഹാരിസൺസും

Tue, 10-09-2013 05:00:00 PM ;

കോടതിയിലെത്തുന്ന ഒട്ടുമിക്ക കേസ്സുകളിലും സർക്കാർ തോൽക്കുന്നു. അപ്പീൽ പോലും തക്ക സമയത്ത് കൊടുക്കാൻ സര്‍ക്കാര്‍ പ്ലീഡർമാർക്ക് കഴിയുന്നില്ലെന്ന് കേരള ഹൈക്കോടതി  അഭിപ്രായപ്പെട്ടിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളു. പ്ലീഡർ നിയമനത്തിൽ കഴിവിനേക്കാൾ കൂടുതൽ  മറ്റ് പരിഗണനകളാണ് കണക്കിലെടുക്കപ്പെടുന്നതെന്നും പരാമർശിക്കപ്പെട്ടു. സർക്കാർ കേസ്സുകൾ തോൽക്കുന്നത് സംബന്ധിച്ച് കുറച്ചുനാൾ മുൻപ് വിവാദങ്ങളുമുണ്ടായിരുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹാരിസൺസ് ഭൂമി കേസ്സിൽ തിങ്കളാഴ്ചയുണ്ടായ ഹൈക്കോടതി വിധി. ഇതോടെ ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ കൈവശമുള്ള എഴുപത്തിയാറായിരും ഏക്കർ ഭൂമി തിരിച്ചുപിടിക്കാനുള്ള സർക്കാർ നീക്കമാണ് പരാജയപ്പെട്ടിരിക്കുന്നത്. ഈ കേസ്സ് നടത്തിപ്പിൽ ഹാരിസൺസ് കമ്പനി എത്ര ജാഗരൂകരായിരുന്നുവെന്ന് ചൊവ്വാഴ്ചത്തെ പ്രധാന പത്രങ്ങൾ നോക്കിയാൽ മനസ്സിലാകും. ഒന്നാംപേജിൽ  അത്യധികം ശ്രദ്ധേയവും വിപുലവുമായ പരസ്യമാണ് വിധി അറിയിച്ചുകൊണ്ട് കമ്പനി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

ഈ കൊച്ചുകേരളത്തിൽ 76,000 ഏക്കർ ഭൂമി തദ്ദേശീയമല്ലാത്ത ഒരു കമ്പനിയുടെ കൈവശമിരിക്കുന്നു. എന്തെല്ലാം നിയമത്തിന്റെ ന്യായീകരണമുണ്ടെങ്കിലും, പാട്ടവ്യവസ്ഥകൾ നിലവിലുണ്ടെങ്കിലും ഇത്രയധികം സ്ഥലം ഈ കമ്പനിയുടെ അധീനതയിൽ ആയതും ആ നില തുടരുന്നതും  ആശങ്കയുളവാക്കുന്നതാണ്. ഗതികിട്ടാപ്രേതങ്ങളെപ്പോലെ കാടിന്റെയും മലയുടേയുമൊക്കെ യഥാർഥ അവകാശികളായ ആദിവാസികൾ പട്ടിണിയില്‍ നരകിച്ചും പുഴുവരിച്ചും വംശനാശം നേരിട്ട് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ യാഥാർഥ്യത്തെ കാണേണ്ടത്. വനവാകാശനിയമം രാജ്യത്ത് നിലവിൽ വന്നുവെങ്കിലും സമീപഭാവിയിലെങ്ങും ആദിവാസികളുടെ പുനരധിവാസം  നടക്കുമെന്ന് കരുതേണ്ടതില്ല.

 

ഇന്നു കേരളം നേരിടുന്ന എല്ലാവിധ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെയും മൂലകാരണം പശ്ചിമഘട്ടത്തിനേറ്റ അപരിഹാര്യമായ ആഘാതമാണ്. ഏറ്റവുമൊടുവിൽ ഇടുക്കിയിലുണ്ടായ മലയിടിച്ചിൽ ദുരന്തമുൾപ്പടെ. പശ്ചിമഘട്ടത്തിന്റെ കാവൽക്കാരായിരുന്നു ആദിവാസികൾ. അവരെ അവിടെനിന്നു ആട്ടിയിറക്കിയാണ്  പശ്ചിമഘട്ടത്തെ ഇല്ലായ്മചെയ്തത്. തങ്ങളുടെ ജീവിതത്തിലൂടെയും ജീവിതരീതിയിലൂടെയും ആദിവാസികൾ പശ്ചിമഘട്ടത്തെ കാത്തുരക്ഷിച്ച് സമതല കേരളത്തെ രക്ഷിക്കുകയായിരുന്നു. അതുകൊണ്ട് ആദിവാസി വിഷയം അവരെ മാത്രം ബാധിക്കുന്ന ഒറ്റപ്പെട്ട വിഷയുമല്ല. പശ്ചിമഘട്ടം ഈ സ്ഥിതിയിലായിട്ടും രാഷ്ട്രീയനേതൃത്വത്തിന് മതിയാകുന്നില്ല. ഗാഡ്ഗിൽ റിപ്പോർട്ട് പഠിക്കുന്നതിനും പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിനും മുൻപ് അതിനെതിരെ നിമമസഭയിൽ തിടുക്കത്തോടെ മുഖ്യമന്ത്രിയുടെ മുൻകൈയ്യോടെ പ്രമേയം അവതരിക്കപ്പെട്ടതും മതസംഘടനകൾ  സംഘടിതമായി രംഗത്തെത്തിയതും സമീപകാല ചരിത്രം.

 

രണ്ടായിരാമാണ്ടുവരെ തൃശ്ശൂർ ജില്ലയിലെ ചിമ്മിനി ഡാമും പരിസരവും വനസമൃദ്ധിയിൽ പൊതിഞ്ഞുനിന്നിരുന്ന  പ്രദേശമായിരുന്നു. അന്തരീക്ഷത്തിൽ ഒഴുകി നടക്കുന്ന മഴമേഘങ്ങൾ അവിടുത്തെ ഹൃദ്യമായ കാഴ്ചയായിരുന്നു. ഏതു  വേനലിലും കുളിർമയായിരുന്ന അന്തരീക്ഷമായിരുന്നു അവിടെ നിലനിന്നിരുന്നത്. 2013-ൽ അവിടേക്ക് ചെല്ലുക. ഡാമിലേക്കുളള റോഡിന്റെ പതിനഞ്ചുകിലോമീറ്റർ ദൂരം മുതൽ റബ്ബർ തോട്ടങ്ങൾ തുടങ്ങുകകയായി. വളരെ ഭദ്രമായി അതിർത്തികളിട്ട തോട്ടങ്ങൾ. എല്ലാം ഹാരിസൺസ് മലയാളം പ്ലാന്റേഷന്റേത്. റബ്ബർകൃഷി മണ്ണിനേയും പരിസ്ഥിതിയേയും എത്രമാത്രം വന്ധ്യമാക്കുമെന്നും പരിസ്ഥിതിയെ ദോഷമായി ബാധിക്കുമെന്നും മനസ്സിലാക്കാൻ ചിമ്മിനി ഡാം പ്രദേശം ഉദാത്തമായ ഉദാഹരണമാണ്.അത്യപൂർവമായ ഔഷധസസ്യങ്ങളുടെ കേദാരഭൂമി കൂടിയായിരുന്നു ഈ പ്രദേശം. ചാലക്കുടിപ്പുഴയുടെ പാരിസ്ഥിതിക പ്രത്യേകതയും ഇത്തരുണത്തിൽ ഓർക്കാവുന്നതാണ്. ഒരു പതിറ്റാണ്ടിനു മുൻപുണ്ടായിരുന്ന ആ ജീവൻരക്ഷാപച്ചകൾ മുഴുവൻ ഇന്ന് അവിടെനിന്ന് അപ്രത്യക്ഷമായി. ഡാമിലും പരിസരത്തും മഴക്കാലത്തുനിന്നാൽ പോലും  വിങ്ങുന്ന ആവിയെടുക്കുന്ന അന്തരീക്ഷമാണ് റബ്ബർമരസാന്നിദ്ധ്യം  സൃഷ്ടിക്കുന്നത്.

 

സർക്കാർ കേസ്സുകൾ കോടതിയിൽ തോൽക്കുന്നതിന് കാരണം തെളിവുകള്‍  നിരത്തുന്നതിലും തെളിവുകളെ ആധാരമാക്കി കേസ് അവതരിപ്പിക്കുന്നതിലും പരാജയപ്പെടുന്നതുമൂലമാണ്. ഈ പരാജയപ്പെടൽ ബോധപൂർവ്വമാകുന്ന് എന്ന് ഉയർത്തിക്കാണിച്ചുകൊണ്ടാണ് ചില കേസ്സുകളുമായി ബന്ധപ്പെട്ട് വിവാദമുണ്ടായത്. ഹൈക്കോടതിയിൽ പരാജയം നേരിട്ടാലും അതിനുമുകളിൽ സുപ്രീംകോടതിയുണ്ട്. സാമാന്യബുദ്ധിക്കുപോലും നിരക്കാത്തതാണ് ഈ കൊച്ചുകേരളത്തിൽ 76000 ഏക്കർ ഭൂമി  ഒരു കമ്പനിയുടെ കീഴിലിരിക്കുന്നു എന്നുള്ളത്. വേണ്ടരീതിയിൽ സർക്കാർ കേസ്സ് നടത്തിയാൽ സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കാതിരിക്കില്ല. ഇത്തരം വിഷയങ്ങളിൽ  അതിന്റെ പ്രാധാന്യം മനസ്സിലാക്കി അതിലേക്ക് ജനങ്ങൾ ഉണരാത്തതാണ് അലസമായ രീതിയിൽ കേസ്സുകൾ നടത്തപ്പെടുന്നതിന് സാഹചര്യമൊരുക്കുന്നത്. എഴുപത്തിയാറായിരം ഏക്കർ ഭൂമി കൈവശമിരിക്കുന്ന കമ്പനിക്ക് അത് നഷ്ടപ്പെടുമോ എന്ന ആശങ്ക ജനിക്കുമ്പോഴുണ്ടാവുന്ന ജാഗ്രതയും അതിനെ മറികടക്കാനുള്ള തന്ത്രങ്ങളിലേർപ്പെടുന്നതും ഊഹിക്കാവുന്നതേയുള്ളു. അങ്ങിനെയുള്ള  അതിജാഗ്രതയുടെ പശ്ചാത്തലവും ജനശ്രദ്ധ തീരെ ലഭിക്കാതിരിക്കുകയും അലസമായ കേസ് നടത്തിപ്പും കൂടിയാവുമ്പോൾ സംഭവിക്കുക സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളായിരിക്കും. അപ്രസക്തമായ ഏഷണിതുല്യമായ കാര്യങ്ങളിലുള്ള വിവാദവും അതിൽ കുരുങ്ങിപ്പോകുന്ന മാധ്യമശ്രദ്ധയും ഇത്തരം സാഹചര്യങ്ങൾക്ക് ഉതകിയ മറയും ഒരുക്കുന്നു.

Tags: