കണ്ണൂരിലെ അക്രമം: ബി.ജെ.പി സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

Fri, 20-01-2017 04:08:59 PM ;

കണ്ണൂരിൽ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചു. കണ്ണൂരിലെ കൊലപാതകക്കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുക, മുഖ്യമന്ത്രി കണ്ണൂർ സന്ദർശിച്ചു സർവ്വകക്ഷി യോഗം വിളിക്കുക, പാലക്കാട് ടിനു തീയിട്ടതിനെ തുടർന്ന് രണ്ടു പേർ മരിച്ച കുടുംബത്തിനു നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ സംഘം മുഖ്യമന്ത്രിയോട് ഉന്നയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ആർഎസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി മാസ്റ്റർ, ഒ. രാജഗോപാൽ എംഎൽഎ, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ കേന്ദ്രം ഇടപെടണമെന്നു പിന്നീടു മാധ്യമങ്ങളെ കണ്ട കുമ്മനം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നേതൃസംഘം ഉടൻ ഡൽഹിക്കു പോകും. 23ന് അമ്മമാരുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തും. സംസ്ഥാനത്തെ സാധാരണ ബിജെപി പ്രവർത്തകരുടെ ജീവനു സുരക്ഷയില്ലാത്ത സാഹചര്യത്തിൽ വൈ കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്ന് കുമ്മനം പറഞ്ഞു. ഇക്കാര്യം കേന്ദ്രത്തെ ധരിപ്പിച്ചെന്നും കുമ്മനം അറിയിച്ചു.

 

തീവ്രവാദ സംഘടനകളില്‍നിന്ന് ഭീഷണി ഉണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്നാണ് കുമ്മനം ഉള്‍പ്പടെ നാല്‌ പേര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കുമ്മനത്തെ കൂടാതെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് അധികസുരക്ഷ.

Tags: