വിഴിഞ്ഞം: പാരിസ്ഥിതിക അനുമതി എല്ലാ ചട്ടങ്ങളും പാലിച്ചെന്ന്‍ കേന്ദ്രം

Wed, 10-09-2014 05:21:00 PM ;
ന്യൂഡല്‍ഹി

vizhinjam port

 

വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി ദേശീയ ഹരിത ട്രൈബ്യൂണലില്‍  കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലം. പദ്ധതിയ്ക്ക് പാരിസ്ഥിതിക അനുമതി നല്‍കിയത് എല്ലാ ചട്ടങ്ങളും പാലിച്ചാണെന്നും പദ്ധതിയ്ക്കെതിരെ തീരദേശനിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം പറഞ്ഞു. ഹര്‍ജിയിലെ കാര്യങ്ങളെപ്പറ്റി പരാതിക്കാര്‍ക്ക് ബോധ്യമില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തി.  

 

പാരിസ്ഥിതിക ആഘാത പഠനവും വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടും വിശദമായി പരിശോധിച്ചാണ് വിഴിഞ്ഞം പദ്ധതിയ്ക്ക് പാരിസ്ഥിതിക അനുമതി നല്‍കിയതെന്ന്‍ കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. വിദഗ്ധ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലും പൊതുജനങ്ങളില്‍ നിന്ന്‍ അഭിപ്രായം സ്വീകരിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് 2011-ലെ തീരദേശ നിയന്ത്രണ നിയമം പാസാക്കിയിട്ടുള്ളതെന്നും ഇതിനെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും കേന്ദ്രം പറഞ്ഞു. ഹര്‍ജി സംബന്ധിച്ച് പരാതിക്കാരുടെ താല്‍പ്പര്യങ്ങളും കേന്ദ്രം ചോദ്യം ചെയ്തു.  

 

2011-ലെ തീരദേശ നിയന്ത്രണ ഉത്തരവും പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയും ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് കോടതിയുടെ അധികാരങ്ങള്‍ ഉണ്ടെന്നും വിവിധ നിയമങ്ങള്‍ അനുസരിച്ച് പാസാക്കുന്ന ഉത്തരവുകള്‍ പരിശോധിക്കാനുള്ള ജുഡീഷ്യന്‍ പുന:പരിശോധനാ അധികാരവും ഇതില്‍ ഉള്‍പ്പെടുമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ്‌ സ്വതന്തര്‍ കുമാര്‍ നേരത്തെ വിധിച്ചിരുന്നു. 6000 കോടി രൂപയുടെ പദ്ധതിയ്ക്കെതിരെയുള്ള ഹരിത ട്രൈബ്യൂണലിന്റെ ഡല്‍ഹി ബഞ്ചിലേക്ക് മാറ്റാനും ട്രൈബ്യൂണല്‍ തീരുമാനിച്ചിരുന്നു.

 

ഇതിനെ ചോദ്യം ചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ലിമിറ്റഡും കേരള സര്‍ക്കാറും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ വിലക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതിയുടെ മൂന്നംഗ ഹരിത ബഞ്ച് ഹരിത ട്രൈബ്യൂണലിലെ വാദം തുടരട്ടെയെന്ന്‍ കൂട്ടിച്ചേര്‍ത്തു.

Tags: