കോര്‍പ്പറേഷന്‍ ഓഫീസില്‍ കൗണ്‍സിലറുടെ ആത്മഹത്യാശ്രമം

Thu, 24-07-2014 04:07:00 PM ;
കോഴിക്കോട്

sathyabhamaകോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസില്‍ മേയറുടെ മുന്നില്‍ വെച്ച് വാര്‍ഡ്‌ കൗണ്‍സിലര്‍ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോണ്‍ഗ്രസ് അംഗമായ അത്താണിക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.എസ് സത്യഭാമയാണ് പ്രതിഷേധ സൂചകമായി കടുത്ത നടപടിയ്ക്ക് മുതിര്‍ന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ മേയര്‍ എ.കെ പ്രേമജം ലിഫ്റ്റില്‍ വരുമ്പോള്‍ തടഞ്ഞു നിര്‍ത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

 

സഹ കൗണ്‍സിലര്‍മാരും ജീവനക്കാരും ചേര്‍ന്ന് സത്യഭാമയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യഭാമയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

 

തന്റെ വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേഷന്‍ അവഗണിക്കുന്നുവെന്ന് സത്യഭാമ നേരത്തെ പരാതിപ്പെട്ടിരുന്നു. അത്താണിക്കല്‍ വാര്‍ഡിലെ ദീര്‍ഘകാലമായി വെള്ളക്കെട്ട് അനുഭവപ്പെടുന്ന റോഡ് ഉയര്‍ത്തണമെന്ന് സത്യഭാമ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വാര്‍ഡിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സത്യഭാമ തന്നെ ഇതുവരെ നേരിട്ട് സമീപിച്ചിട്ടില്ലെന്ന് മേയര്‍ പ്രേമജം പ്രതികരിച്ചു. സി.പി.ഐ.എം നേതൃത്വത്തിലുള്ളതാണ് കോര്‍പ്പറേഷന്‍ ഭരണം. 

Tags: