സീ പ്ലെയിന്‍ പദ്ധതി കൊണ്ട് ദോഷഫലമില്ലെന്ന് വിദഗ്ധ സമിതി

Thu, 03-07-2014 06:09:00 PM ;
തിരുവനന്തപുരം

sea plane report

 

ടൂറിസം മേഖലയില്‍ വിഭാവനം ചെയ്തിട്ടുള്ള സീപ്ലെയിന്‍ സര്‍വ്വീസുകള്‍ പാരിസ്ഥിതികമായോ മത്സ്യമേഖലയുമായി ബന്ധപ്പെട്ടോ യാതൊരു വിധത്തിലുള്ള വിപരീതഫലവും ഉണ്ടാക്കില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ടൂറിസം സെക്രട്ടറി സുമന്‍ ബില്ല ചെയര്‍മാനായിട്ടുള്ള വിദഗ്ധ സമിതി ബുധനാഴ്ച അന്തിമ റിപ്പോര്‍ട്ട് ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് സമര്‍പ്പിച്ചു. പദ്ധതിയ്ക്കെതിരെ വ്യാപക എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്‍ ഇത് ഉള്‍നാടന്‍ മത്സ്യബന്ധന രംഗത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്ന് പഠിക്കുവാനും ഉണ്ടെങ്കില്‍ പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനുമായിട്ടാണ് സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്.

 

പുന്നമട കായലില്‍ ഇപ്പോള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള വാട്ടര്‍ഡ്രോം കൂടുതല്‍ അനുയോജ്യമായ ആലപ്പുഴ കൈനകരിക്ക് അടുത്തുള്ള വട്ടക്കായലിലേക്ക് മാറ്റുവാന്‍ കമ്മറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

 

ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള എതിര്‍പ്പുകള്‍ പൊതുവേ കേരളത്തിന്റെ ഉള്‍നാടന്‍ ജലാശയങ്ങളുടെ പരിസ്ഥിതി, മത്സ്യസമ്പത്ത്, ജൈവ വൈവിധ്യം മുതലായവയ്ക്ക് പലതരത്തിലുള്ള മാനുഷികപ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടാകുന്ന ഗുരുതരമായ ശോഷണത്തിനോടുള്ളവയാണെന്നും അല്ലാതെ സീ പ്ലെയിന്‍ സര്‍വ്വീസിന് എതിരായിട്ടുള്ളതല്ലെന്നുമാണ് കമ്മറ്റിയുടെ വിലയിരുത്തല്‍.

 

കേരളത്തില്‍ ലഭ്യമായ വിശാലമായ ജലപ്പരപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറച്ച് സ്ഥലമേ ജലവിമാനങ്ങള്‍ക്ക് ടെയ്ക് ഓഫ്, ലാന്റിംഗ് എന്നിവയ്ക്കായി ആവശ്യമുള്ളൂ എന്ന് കമ്മിറ്റി വിശദീകരിക്കുന്നു. ഈ സമയത്ത് ജലത്തില്‍ ഉണ്ടാകുന്ന ഓളങ്ങള്‍ കേരളത്തില്‍ സാധാരണയായി ഉപയോഗിച്ച് വരുന്ന സ്പീഡ് ബോട്ടുകള്‍ ഉണ്ടാക്കുന്നവയെ അപേക്ഷിച്ച് വളരെ കുറവാണെന്നും കമ്മിറ്റി പറയുന്നു. സീ പ്ലെയിനില്‍ നിന്നും യാതൊരു വിധത്തിലുള്ള മാലിന്യങ്ങളും ജലത്തിലേക്ക് ഒഴുക്കുന്നില്ല എന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

 

എന്നാല്‍, പദ്ധതിയ്ക്കെതിരെ ഉയര്‍ന്ന എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഉള്‍നാടന്‍ ജലാശയങ്ങളിലെ ജലമലിനീകരണം തടയുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ കമ്മറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കൂടാതെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിന് ഓപ്പണ്‍ വാട്ടര്‍ കേജ് ഫാമിംഗ്, മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി ശാസ്ത്രീയമായ മത്സ്യപ്രജനനനിക്ഷേപ പരിപാടികള്‍ മുതലായ പദ്ധതികളും സീ പ്ലെയിന്‍ പദ്ധതിയുടെ ഭാഗമായി കമ്മറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Tags: