പുരസ്കാരം മലയാള സിനിമക്കും മിമിക്രി കലാകാരന്‍മാര്‍ക്കും സമര്‍പ്പിച്ച് സുരാജ്

Wed, 16-04-2014 05:15:00 PM ;
ന്യൂഡല്‍ഹി

suraj venjaraamudഅറുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരത്തിനു മലയാളി താരം സുരാജ് വെഞ്ഞാറമൂട് അര്‍ഹനായി. ഹിന്ദി താരം രാജ്കുമാര്‍ റാവുവിനൊപ്പമാണ് സുരാജ് അവാര്‍ഡ് പങ്കിട്ടത്. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന സിനിമയിലെ അഭിനയ മികവാണ് സുരാജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്‌.

 

 

പുരസ്‌കാരം മലയാള സിനിമക്കും മിമിക്രി കലാകാരന്‍മാര്‍ക്കും സമര്‍പ്പിക്കുന്നതായി സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചു. മലയാള സിനിമക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്നും മലയാളത്തിലെ വലിയ നടന്‍മാര്‍ക്കൊപ്പമുള്ള അഭിനയം തനിക്ക് കരുത്ത് നല്‍കിയെന്നും പുരസ്കാര ലബ്ധിയില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും സുരാജ് പറഞ്ഞു.

 

 

മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരവും പേരറിയാത്തവര്‍ എന്ന ചിത്രം സ്വന്തമാക്കി. നഗരത്തിലെ മാലിന്യങ്ങള്‍ ശേഖരിച്ച് അത് വിദൂരഗ്രാമത്തില്‍ കൊണ്ടു തള്ളുന്ന തൊഴിലാളികളായ അച്ഛന്റെയും മകന്റെയും കഥയാണ് പേരറിയാത്തവര്‍ എന്ന സിനിമയുടെ ഇതിവൃത്തം. പേരില്ലാത്ത കഥാപാത്രമാണ് ഇതിൽ സുരാജിനുള്ളത്.

 

 . 

ഹന്‍സാല്‍ മെഹ്ത സംവിധാനം ചെയ്ത ഷാഹിദ് എന്ന ഹിന്ദി ചിത്രത്തിലെ അഭിനയമാണ് രാജ്കുമാര്‍ യാദവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ലെയേഴ്‌സ് ഡയിസിലെ അഭിനയത്തിന് ഗീതാഞ്ജലി ഥാപ്പ മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. ഈ ചിത്രത്തിലെ തന്നെ ഛായാഗ്രഹണത്തിന് മലയാളിയായ രാജീവ് രവിയും പുരസ്‌കാരത്തിന് അര്‍ഹനായി.

 

 

മികച്ച റി റെക്കോര്‍ഡിനുള്ള പുരസ്‌കാരം മലയാള ചിത്രം സ്വപാനം സ്വന്തമാക്കി. മികച്ച മലയാള ചിത്രമായി നവാഗതനായ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത നോർത്ത് 24 കാതം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌ക്കാരം കന്യകാ ടാക്കീസ്‌ ഒരുക്കിയ കെ.ആര്‍ മനോജ്‌ നേടി. മികച്ച തെലുങ്ക് ചിത്രം ഒരുക്കി നാ ബംഗാരു തല്ലി എന്ന ചി​‍ത്രം ഒരുക്കി രാജേഷ് ടച്ച് റിവറും മറുനാട്ടില്‍ നിന്നും മലയാളത്തി​ന്റെ അഭിമാനമായി. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി ബോളിവുഡില്‍ നിന്നുള്ള ഗുലാബി ഗ്യാംഗ്‌ തെരഞ്ഞെടുക്കപ്പെട്ടു.

Tags: