ജറുസലേം: അമേരിക്കന്‍ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ

Glint staff
Thu, 07-12-2017 05:21:08 PM ;
Delhi

jerusalem

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ. പലസ്തീന്‍ വിഷയത്തില്‍ സ്വതന്ത്ര നിലപാട് തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. 'പലസ്തീനില്‍ ഇന്ത്യ സ്വതന്ത്രവും സ്ഥിരതയുള്ള നിലപാടാണ് എടുത്തിട്ടുള്ളത്. നമ്മുടെ വീക്ഷണങ്ങളും താല്‍പര്യങ്ങളുമാണ് ഇതിനാധാരമെന്നും അതില്‍ മൂന്നാമതൊരു കക്ഷിക്ക് ഇടപെടാനാവില്ലെന്നും' വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

 

ബുധനാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങിലായിരുന്നു ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചത്.തീരുമാനത്തിന്റെ ഭാഗമായി ടെല്‍ അവീവിലെ യു.എസ് സ്ഥാനപതി കാര്യാലയം ജറുസലേമിലേക്ക് മാറ്റാന്‍ നടപടി ആരംഭിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

 

ഇസ്‌ലാം, ക്രിസ്ത്യന്‍, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമാണ് ജറുസലേം.നഗരത്തിന്റെ പദവി സംബന്ധിച്ച് ഇസ്രായേലും പാലസ്തീനും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ഇസ്രയേല്‍ പാലസ്തീന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ചുവന്ന നിലപാടുകള്‍ക്ക് വിരുദ്ധമാണ് ട്രംപിന്റെ നടപടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത ആളിക്കത്തിക്കാനേ ഇത് ഉപകരിക്കൂവെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

അമേരിക്കയുടെ തീരുമാനത്തിനെതിരെ അറബ് രാജ്യങ്ങള്‍ രംഗത്തെത്തി ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കുന്നത് മേഖലയുടെ സമാധാനം തകര്‍ക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ചൈന, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും അമേരിക്കയുടെ തീരുമാനത്തോടുള്ള എതിര്‍പ്പ് പരസ്യമാക്കി.കലുഷിതമായ പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക രാജ്യങ്ങള്‍ അമേരിക്കന്‍ നിലപാടിനെ എതിര്‍ക്കുന്നത്

 

Tags: