സമ്പന്നര്‍ എല്‍.പി.ജി സബ്സിഡി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

Fri, 27-03-2015 02:33:00 PM ;
ന്യൂഡല്‍ഹി

narendra modi

 

സാമ്പത്തിക ഭദ്രതയുള്ളവര്‍ പാചകവാതക സബ്സിഡി സ്വമേധയാ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊര്‍ജ ഇറക്കുമതിയില്‍ 2022-നകം പത്ത് ശതമാനത്തിന്റെ കുറവ് വരുത്താനാണ് സര്‍ക്കാറിന്റെ ശ്രമമെന്നും മോദി പറഞ്ഞു.

 

പാചകവാതക സബ്സിഡി ഒഴിവാക്കണമെന്ന തന്റെ നേരത്തെയുള്ള പരാമര്‍ശത്തോട് 2.8 ലക്ഷം ഉപയോക്താക്കള്‍ അനുകൂലമായി പ്രതികരിച്ചെന്നും ഇതുമൂലം 100 കോടി രൂപയുടെ നേട്ടം ഉണ്ടായതായും പ്രധാനമന്ത്രി പറഞ്ഞു.

 

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഒരു കോടി വീടുകളില്‍ പൈപ്പിലൂടെ പാചകവാതകം ലഭ്യമാക്കുന്ന എണ്ണക്കമ്പനികളുടെ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിലവില്‍ 27 ലക്ഷം വീടുകളിലാണ് പൈപ്പിലൂടെ പാചകവാതകം വിതരണം ചെയ്യുന്നത്.

 

ഇന്ത്യയുടെ ഊര്‍ജ ആവശ്യത്തില്‍ 77 ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ആഭ്യന്തര ഉല്‍പ്പാദനം കൂട്ടി ഇതില്‍ പത്ത് ശതമാനം കുറവ് വരുത്താന്‍  ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു. 2022-ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഈ ലക്ഷ്യം നേടണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇത് സാധിക്കുകയാണെങ്കില്‍ 2030-ഓടെ ഇറക്കുമതി 50 ശതമാനമായി കുറയ്ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും മോദി പ്രകടിപ്പിച്ചു.  

Tags: