റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചു; സെന്‍സെക്സ് മുപ്പതിനായിരം കടന്നു

Wed, 04-03-2015 12:03:00 PM ;
ന്യൂഡല്‍ഹി

raghuram rajanറിസര്‍വ്ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കു നല്‍കുന്ന വായ്പയില്‍ കാല്‍ ശതമാനം കുറവ് വരുത്തി. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിന് കരുത്തു പകരുന്നതായി പലിശ നിരക്കില്‍ കുറവ് വരുത്തിയത്. ബുധനാഴ്ച രാവിലെ പലിശ നിരക്ക് കുറച്ച വാര്‍ത്ത വന്നതിനെതുടര്‍ന്ന് സെന്‍സെക്‌സ് നാന്നൂറ് പോയന്റ് ഉയര്‍ന്ന് 30,000 കടന്നു. കേന്ദ്ര ബജറ്റ്, സബ്‌സിഡികള്‍ക്ക് അമിത ഊന്നല്‍ നല്‍കുന്നതിനു പകരം അടിസ്ഥാനസൗകര്യവികസനത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത് സമ്പദ് വ്യവസ്ഥയെ ശരിയായ ദിശയിലേക്ക് നയിക്കുമെന്നും അതുകൊണ്ടാണ് പലിശ നിരക്കില്‍ കുറവു വരുത്താന്‍ തീരുമാനിച്ചതെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ റഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് നാണയപ്പെരുപ്പം കുറഞ്ഞ് വിപരീത ദിശയിലേക്ക് നീങ്ങിത്തുടങ്ങിയതും നല്ല സൂചകങ്ങളായി. നാണയപ്പെരുപ്പം കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍ കമ്പോളങ്ങളില്‍ പ്രതിഫലിച്ചു തുടങ്ങി. പച്ചക്കറി ഇനങ്ങളുടെ വില ഗണ്യമായി കുറഞ്ഞു. റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് വാണിജ്യ ബാങ്കുകള്‍ക്ക് ഭവനവായ്പാ പലിശ നിരക്കില്‍ കാര്യമായ കുറവ് വരുത്തേണ്ടി വരും.

 

മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 0.5 ശതമാനമാണ് അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച് ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി അധികം വകയിരുത്തിയിട്ടുള്ളത്. ഇത് ശരിയായ ദിശയിലാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ നയിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും അതിനാല്‍ പരസ്പര പൂരകമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നുവെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ അഭിപ്രായ്‌പ്പെടുകയുണ്ടായി. നിര്‍മ്മാണ മേഖലയേയും ഈ പലിശ നിരക്ക് കുറയ്ക്ക്ല്‍ ഉത്തേജിപ്പിക്കും. പതിവ് ധനകാര്യ നയപ്രഖ്യാപനത്തിന് പുറത്ത് ഇക്കൊല്ലം റിസര്‍വ് ബാങ്ക് നടത്തുന്ന രണ്ടാമത്തെ പലിശ കുറയ്ക്കലാണിത്.

 

Tags: