സാര്‍വ്വത്രിക സാമൂഹ്യ സുരക്ഷയുമായി മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ്

Sat, 28-02-2015 11:48:00 AM ;
ന്യൂഡല്‍ഹി

budget 2015

 

നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ശനിയാഴ്ച ലോകസഭയില്‍ അവതരിപ്പിച്ചു. രാജ്യത്തെ എല്ലാ പൗരരേയും ഉള്‍പ്പെടുത്തുന്ന സാര്‍വ്വത്രിക സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പില്‍ വരുത്തുമെന്ന് ജെയ്റ്റ്ലി പ്രഖ്യാപിച്ചു.

 

പുതുതായി ആരംഭിക്കുന്ന പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന പ്രകാരം 12 രൂപ വാര്‍ഷിക പ്രീമിയത്തിന് രണ്ട് ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് സംരക്ഷണം ലഭ്യമാക്കും. പ്രധാനമന്ത്രി ജന്‍ ധന് യോജനയുമായി ബന്ധപ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക.  അടല്‍ പെന്‍ഷന്‍ യോജന പ്രകാരം വ്യക്തികളുടെ വിഹിതം അനുസരിച്ച് പെന്‍ഷനും ലഭ്യമാക്കും. വിഹിതത്തിന്റെ പകുതി സര്‍ക്കാര്‍ നല്‍കും. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന അനുസരിച്ച് പ്രതിദിനം ഒരു രൂപ എന്ന്‍ പ്രീമിയത്തില്‍ രണ്ട് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭ്യമാക്കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരര്‍ക്ക് ജീവന്‍ സഹായ ഉപകരണങ്ങള്‍ നല്‍കും.

 

ജന്‍ ധന് യോജന, കല്‍ക്കരിപ്പാടം ലേലം, സ്വച്ഛ ഭാരത്‌ അഭിയാന്‍ എന്നിവയുടെ വിജയം സര്‍ക്കാറിന്റെ മൂന്ന്‍ പ്രധാന നേട്ടങ്ങളായി ജെയ്റ്റ്ലി എടുത്തുകാട്ടി. ചരക്ക് സേവന നികുതി, ജാം ത്രിത്വം എന്നിവയാണ് സര്‍ക്കാറിന്റെ മുന്നിലുള്ള രണ്ട് പ്രധാന പദ്ധതികള്‍ എന്നും ജെയ്റ്റ്ലി പറഞ്ഞു. 2016 ഏപ്രിലിനകം ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് ജെയ്റ്റ്ലി പറഞ്ഞു. ജന്‍ ധന്, ആധാര്‍, മൊബൈല്‍ ടെക്നോളജി എന്നിവയാണ് ജാം ത്രിത്വം. സര്‍ക്കാര്‍ പദ്ധതികള്‍ ചോര്‍ച്ചകളില്ലാതെ നടപ്പിലാക്കാന്‍ ഇവയെ കൂടുതലായി  അടിസ്ഥാനമാക്കുമെന്ന് മന്ത്രി പറഞ്ഞു.

 

സര്‍ക്കാറിന്റെ എല്ലാ പദ്ധതികളും ദരിദ്രരെ കേന്ദ്രീകരിച്ചുള്ളതാകുമെന്നും ജെയ്റ്റ്ലി പറഞ്ഞു. 2022-നകം എല്ലാവര്‍ക്കും ഭവനം ഉറപ്പ് വരുത്തും. ഗ്രാമീണ മേഖലയില്‍ രണ്ട് കോടിയും നഗര മേഖലയില്‍ അഞ്ച് കോടിയും വീടുകള്‍ പനിയും. 80,000 സെക്കണ്ടറി സ്കൂളുകള്‍ മെച്ചപ്പെടുത്തും. സ്വച്ഛ ഭാരത്‌ അഭിയാന്‍ പദ്ധതിയില്‍ 50 ലക്ഷം കക്കൂസുകള്‍ ഇതിനകം പണിതിട്ടുണ്ട്. ആറു കോടിയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കും.

 

സാമൂഹ്യ-ഗ്രാമീണ മേഖലകളിലെ പദ്ധതികള്‍ തുടരുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 34,699 കോടി രൂപ അനുവദിച്ചു. 2015-16 വര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് 8.5 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിക്കും. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സൂക്ഷ്മ ജലസേചന പദ്ധതികള്‍ക്കായി 5,300 കോടി രൂപ അനുവദിച്ചു.

 

പ്രധാനമന്ത്രി മുദ്ര പദ്ധതിയുടെ കീഴില്‍ ആരംഭിക്കുന്ന മുദ്ര ബാങ്കിലൂടെ മൈക്രോഫിനാന്‍സ് പദ്ധതികള്‍ക്ക് സഹായം നല്‍കും. 20,000 കോടി രൂപയായിരിക്കും മുദ്ര ബാങ്കിന്റെ നിക്ഷേപം. തപാല്‍ ശൃംഖല ബാങ്കിംഗ് സേവനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും. 25,000 കോടി രൂപയുടെ ഗ്രാമീണ അടിസ്ഥാന സൗകര്യ നിധിയും ബജറ്റില്‍ പ്രഖ്യാപിച്ചു.

Tags: