റെയില്‍വേ ബജറ്റ്: യാത്രാനിരക്കില്‍ വര്‍ധനയില്ല; പുതിയ തീവണ്ടികളുമില്ല

Thu, 26-02-2015 02:06:00 PM ;
ന്യൂഡല്‍ഹി

suresh prabhu

 

പുതിയ തീവണ്ടികള്‍ പ്രഖ്യാപിക്കാതെ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ ആദ്യ ബജറ്റ്. വ്യാഴാഴ്ച അവതരിപ്പിച്ച ബജറ്റ് യാത്രാനിരക്കുകളില്‍ വര്‍ധനയും വരുത്തിയിട്ടില്ല. ശുചിത്വം, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികീകരണം, സാമ്പത്തിക സ്വയം പര്യാപ്തത എന്നിവയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സ്വകാര്യ പങ്കാളിത്തവും മന്ത്രി ക്ഷണിച്ചു.

 

റെയില്‍വേയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനാണ് തന്റെ ശ്രമമെന്ന് മന്ത്രി പറഞ്ഞു. ആവശ്യത്തിനുള്ള നിക്ഷേപം ഇല്ലാത്തതുമൂലം കഴിഞ്ഞ പതിറ്റാണ്ടുകളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതുമൂലം റെയില്‍വേ ശൃംഖല അധികഭാരം ചുമക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 8.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം റെയില്‍വേയില്‍ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള പാതകള്‍ ആധുനികീകരിക്കുമെന്നും അതിവേഗ തീവണ്ടികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷം മുതല്‍ വരുമാനത്തിന്റെ 11.5 ശതമാനം നിക്ഷേപത്തിനായി നീക്കിവെക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. നിലവില്‍ ഇത് 8.2 ശതമാനമാണ്.

 

പ്രധാന പ്രഖ്യാപനങ്ങള്‍:

 

9,420 കിലോമീറ്റര്‍ തീവണ്ടിപ്പാത വികസിപ്പിക്കുന്നതിന് 96,182 കോടി രൂപയുടെ പദ്ധതികള്‍. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് പാത പത്ത് ശതമാനം വര്‍ധിപ്പിച്ച് 1.38 ലക്ഷം കിലോമീറ്റര്‍ ആക്കും.

ടിക്കറ്റുകള്‍ ഇപ്പോഴുള്ള 60 ദിവസത്തിന് പകരം 120 ദിവസം മുന്‍പ് റിസര്‍വ് ചെയ്യാം.

യാത്രക്കാര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തി അഞ്ച് മിനിറ്റിനകം ടിക്കറ്റ്.

ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യം.

കാറ്റഗറി ബി സ്റ്റേഷനുകളിലും (400 എണ്ണം) വൈ-ഫൈ സൗകര്യം.

യാത്രക്കാരുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് മൊബൈല്‍ ഫോണ്‍ അപ്ലിക്കേഷന്‍.

തീവണ്ടിയുടെ സ്റ്റേഷനുകളിലെ ആഗമനവും ബഹിര്‍ഗമനവും മൊബൈല്‍ ഫോണ്‍ സന്ദേശത്തിലൂടെ അറിയാന്‍ സംവിധാനം.

17,000 കക്കൂസുകള്‍ക്ക് പകരം ജൈവ-കക്കൂസുകള്‍,  650 സ്റ്റേഷനുകളില്‍ പുതുതായി കക്കൂസ്.

24x7 അടിസ്ഥാനത്തില്‍ റെയില്‍വേ സഹായ നമ്പര്‍ 138, സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നിരക്കില്ലാതെ വിളിക്കാവുന്ന നമ്പര്‍ 182.

സ്ത്രീകളുടെ സുരക്ഷയ്ക്കായി തെരഞ്ഞെടുത്ത തീവണ്ടികളിലും സബര്‍ബന്‍ തീവണ്ടികളിലും സി.സി.ടി.വി ക്യാമറ.

തെരഞ്ഞെടുത്ത തീവണ്ടികളില്‍ കൂടുതല്‍ ജനറല്‍ കോച്ചുകള്‍.

നാല് ചരക്ക് ഇടനാഴികള്‍ ഈ വര്‍ഷം പൂര്‍ത്തിയാകും. 6608 കിലോമീറ്റര്‍ പാത വൈദ്യുതീകരിക്കും.

ഒന്‍പത് ഇടനാഴികളില്‍ വേഗം മണിക്കൂറില്‍ 110-130 എന്ന നിലയില്‍ നിന്ന്‍ 160-200 ആയി ഉയര്‍ത്തും.

സ്വകാര്യ നിക്ഷേപം എളുപ്പമാകുന്ന വിധത്തില്‍ കോച്ച് നിര്‍മ്മാണ പദ്ധതി പുനരവലോകനം ചെയ്യും.

മുംബൈ-അഹമ്മദാബാദ് അതിവേഗ തീവണ്ടിയുടെ സാധ്യതാപഠനം 2015 പകുതിയോടെ പൂര്‍ത്തിയാകും.

3438 ലെവല്‍ ക്രോസിംഗുകള്‍ ഒഴിവാക്കുന്നതിന് 6,750 കോടി രൂപ; 970 അടിപ്പാതകളും മേല്‍പ്പാലങ്ങളും നിര്‍മ്മിക്കും.

പദ്ധതി വിഹിതം 52 ശതമാനം ഉയര്‍ത്തി; 1,11,000 കോടി രൂപ.

Tags: