ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വന്‍വിജയം; എ.എ.പിയ്ക്ക് തിരിച്ചടി

Wed, 26-04-2017 04:06:41 PM ;

ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ജയം. നിലവില്‍ കോര്‍പ്പറേഷനുകള്‍ ഭരിക്കുന്ന ബി.ജെപി തങ്ങളുടെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ പുറത്തുവന്ന ഫലങ്ങള്‍ അനുസരിച്ച് പാര്‍ട്ടി മൂന്ന്‍ കോര്‍പ്പറേഷനുകളിലും കൂടി 160 സീറ്റുകള്‍ നേടി. 138 സീറ്റുകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണിത്.

 

സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി വന്‍ പ്രചരണം നടത്തിയെങ്കിലും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇതേത്തുടര്‍ന്ന്‍ ഡല്‍ഹിയുടെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.സി ചാക്കോ സ്ഥാനം രാജിവെച്ചിട്ടുണ്ട്.   

 

ബി.ജെ.പിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ബി.ജെ.പി ഭരണത്തിലാണ്. 2015 നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് ശേഷം പാര്‍ട്ടിയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന വിജയമാണ് ബി.ജെ.പിയ്ക്ക് ലഭിച്ചത്.       

Tags: