മാര്‍ക്-3 പരീക്ഷണം വിജയം; ബഹിരാകാശത്ത് മനുഷ്യനെ സ്വപ്നം കണ്ട് ഇന്ത്യ

Thu, 18-12-2014 03:29:00 PM ;
ശ്രീഹരിക്കോട്ട

തങ്ങളുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹ വിക്ഷേപണ വാഹനം ജി.എസ്.എല്‍.വി മാര്‍ക്-3 ഇന്ത്യാ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ) വ്യാഴാഴ്ച ശ്രീഹരിക്കോട്ടയില്‍ വിജയകരമായി പരീക്ഷിച്ചു. റോക്കറ്റിലെ പരീക്ഷണ പേടകത്തിന്റെ അന്തരീക്ഷത്തിലേക്കുള്ള പുന:പ്രവേശമായിരുന്നു പ്രധാന പരീക്ഷണം. ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ചിറക് നല്‍കുന്നതാണ് ഈ വിജയം.

 

gslv mark 3സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന്‍ കാലത്ത് 9.30ന് പൊങ്ങിയുയര്‍ന്ന റോക്കറ്റില്‍ നിന്ന്‍ കൃത്യം 5.4 മിനിറ്റ് കഴിഞ്ഞപ്പോള്‍ 126 കിലോമീറ്റര്‍ ഉയരത്തില്‍ പരീക്ഷണ പേടകം വേര്‍പെടുകയും സമുദ്രനിരപ്പില്‍ നിന്ന്‍ ഏകദേശം 80 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൗമാന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുകയും ചെയ്തു. ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തെക്കേ അറ്റമായ ഇന്ദിര പോയന്റില്‍ നിന്നും ഏകദേശം 180 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ മൂന്ന്‍ ടണ്‍ ഭാരമുള്ള പേടകം പതിച്ചു.

 

രണ്ടോ മൂന്നോ ഗവേഷകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പേടകം അന്തരീക്ഷ ഘര്‍ഷണം മൂലം ഉണ്ടാകുന്ന 1,600 ഡിഗ്രി സെല്‍ഷ്യസ് ചൂടിനെ അതിജീവിച്ചാണ് വിജയകരമായി തിരികെ എത്തിയത്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്‍.ഡി.ഒ) നിര്‍മ്മിച്ച രാജ്യത്തെ ഏറ്റവും വലിയ പാരച്യൂട്ടിന്റെ സഹായത്തോടെയാണ് പേടകം കടലില്‍ പതിച്ചത്. തീരദേശ സേന പേടകം കണ്ടെടുത്ത് കൂടുതല്‍ പഠനങ്ങള്‍ക്കായി തിരുവനന്തപുരത്തെ വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തില്‍ എത്തിക്കും.  

 

ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്നതിന് ഇനിയും പത്ത് വര്‍ഷമെങ്കിലും എടുക്കുമെങ്കിലും ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് ഈ വിജയം. മാര്‍ക്-3 റോക്കറ്റ് പൂര്‍ണ്ണസജ്ജമാകുന്നതോടെ ഇന്ത്യയുടെ ഭാരം കൂടിയ ആശയവിനിമയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് മറ്റ് ഏജന്‍സികളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനാകും. താരതമ്യേന ചെലവ് കുറഞ്ഞ ഈ റോക്കറ്റ് മുഖേന മറ്റ് രാജ്യങ്ങളുടെ ഭാര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലൂടെയും സംഘടനയുടെ വരുമാനം കൂട്ടാനും കഴിയും. 155 കോടി രൂപയായിരുന്നു പരീക്ഷണത്തിന്റെ മൊത്തം ചിലവ്.        

Tags: