യൂണിയന്‍ കാര്‍ബൈഡ് മുന്‍ മേധാവി വാറന്‍ ആന്‍ഡേഴ്സണ്‍ അന്തരിച്ചു

Fri, 31-10-2014 02:55:00 PM ;

warren andersonലോകത്തെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപ്പാല്‍ വാതക ദുരന്തത്തില്‍ പ്രതി ചെര്‍ക്കപ്പെട്ടിരുന്ന യൂണിയന്‍ കാര്‍ബൈഡ് മുന്‍ മേധാവി വാറന്‍ ആന്‍ഡേഴ്സണ്‍ യു.എസിലെ ഫ്ലോറിഡയില്‍ അന്തരിച്ചു. ദുരന്തത്തിന് പിന്നാലെ ജാമ്യത്തിലിറങ്ങി ദുരൂഹസാഹചര്യത്തില്‍ ഇന്ത്യ വിട്ട ആന്‍ഡേഴ്സണെ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്നതിനായി  തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല.

 

ദുരന്തസമയത്ത് യൂണിയന്‍ കാര്‍ബൈഡ് സി.ഇ.ഒ ആയിരുന്ന ആന്‍ഡേഴ്സണ്‍ കമ്പനിയുടെ ചെയര്‍മാന്‍ ആയാണ് വിരമിച്ചത്. വിരമിച്ചതിന്‌ ശേഷം താരതമ്യേന പൊതുശ്രദ്ധയില്‍ വരാതെ കഴിഞ്ഞിരുന്ന ആന്‍ഡേഴ്സണ്‍ സെപ്തംബര്‍ 29-നാണു അന്തരിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രമാണ്‌ റിപ്പോര്‍ട്ട് ചെയ്തത്. മരണം സംബന്ധിച്ച് കുടുംബം വിവരം നല്‍കിയിരുന്നില്ല.

 

1984 ഡിസംബര്‍ രണ്ടിന് നടന്ന ദുരന്തത്തില്‍ 3,787 പേര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേര്‍ വര്‍ഷങ്ങളായി മീതെയ്ല്‍ ഐസോസയനെറ്റ് വിഷവാതകം ശ്വസിച്ചത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്തു. അനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് മരണസംഖ്യ 10,000-ത്തിന് മുകളില്‍ ആയിരുന്നു.

 

ദുരന്തത്തെ തുടന്ന്‍ 1984 ഡിസംബര്‍ ഏഴിന് ഇന്ത്യയില്‍ എത്തിയ ആന്‍ഡേഴ്സണെ അറസ്റ്റ് ചെയ്യുകയും നരഹത്യ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍, ജാമ്യത്തില്‍ പുറത്തിറങ്ങിയ ആന്‍ഡേഴ്സണ്‍ രാജ്യം വിടുകയായിരുന്നു. പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയുടെ ഉത്തരവ് പ്രകാരമാണ് ആന്‍ഡേഴ്സണെ വിട്ടയച്ചതെന്ന് പിന്നീട് പുറത്തുവന്ന യു.എസ് ചാരസംഘടന സി.ഐ.എയുടെ രേഖകളില്‍ സൂചിപ്പിച്ചിരുന്നു.  

 

1982-ല്‍ നടന്ന സുരക്ഷാ പരിശോധനയില്‍ ഭോപ്പാല്‍ ഫാക്ടറിയില്‍ വന്‍ അപകട സാധ്യത കണ്ടെത്തിയിരുന്നെങ്കിലും സുരക്ഷാ നടപടികള്‍ യു.എസിലെ സമാന ഫാക്ടറിയില്‍ മാത്രമായി ആന്‍ഡേഴ്സണ്‍ ഒതുക്കിയെന്നായിരുന്നു പ്രധാന ആരോപണം. കേന്ദ്ര സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന്‍ 47 കോടി ഡോളര്‍ നഷ്ടപരിഹാരമായി കമ്പനി നല്‍കിയിരുന്നു.  

 

ആന്‍ഡേഴ്സണെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഭോപ്പാലിലെ മജിസ്ട്രേറ്റ് കോടതി കുറ്റവാളികളെ കൈമാറല്‍ നിയമം അനുസരിച്ച് പ്രതിയെ രാജ്യത്തെത്തിക്കാന്‍ സി.ബി.ഐയ്ക്ക് ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ സ്ഥിതി വ്യക്തമാക്കാന്‍ 2001-ല്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ആന്‍ഡേഴ്സണെ കൈമാറാനുള്ള ഇന്ത്യയുടെ അഭ്യര്‍ഥനകള്‍ യു.എസ് കൈക്കൊണ്ടിരുന്നില്ല. 1992-ലും 2009-ലും കോടതികള്‍ ആന്‍ഡേഴ്സണെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2010-ല്‍ കോടതി യൂണിയന്‍ കാര്‍ബൈഡിന്റെ ഏഴ് മുന്‍ ജീവനക്കാരെ ശിക്ഷിച്ചതോടെ  ആന്‍ഡേഴ്സണെ ഇന്ത്യയില്‍ എത്തിക്കണമെന്ന വാദം ശക്തമായിരുന്നു.

Tags: