ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി

Thu, 24-07-2014 01:49:00 PM ;
ന്യൂഡല്‍ഹി

insurance sectorഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപത്തിന് കേന്ദ്ര മന്ത്രിസഭ വ്യാഴാഴ്ച അനുമതി നല്‍കി. ഇന്ത്യക്കാരുടെ നിയന്ത്രണത്തിലായിരിക്കണം കമ്പനികള്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന നിബന്ധനയോടെയാണ് അനുമതി. നിലവില്‍ 26 ശതമാനമാണ് ഈ മേഖലയിലെ വിദേശ നിക്ഷേപ പരിധി.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തത്. ഇതോടെ, ദീര്‍ഘകാലമായി പരിഗണനയിലുള്ള ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.  

 

ഇന്‍ഷുറന്‍സ് മേഖലയില്‍ നിക്ഷേപം വരണ്ടിരിക്കുകയാണെന്നും വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്തേണ്ടത് ആവശ്യമാണെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു.

 

ഇന്‍ഷുറന്‍സ് മേഖലയിലെ സംയുക്ത സംരഭങ്ങളില്‍ വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്തുന്ന ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്‍ 2008-ല്‍ തന്നെ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്നതാണെങ്കിലും ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പ് കാരണം രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 1999-ല്‍ ഇന്‍ഷുറന്‍സ് നിയന്ത്രണ-വികസന അതോറിറ്റി (ഐ.ആര്‍.ഡി.എ) നിയമം പാസാക്കിയതിന് പിന്നാലെ 2000-ത്തിലാണ് മേഖല വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുത്തത്.  

Tags: