പ്രീതി സിന്റയുടെ പരാതി: സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ടു

Sun, 15-06-2014 05:15:00 PM ;

 

ബോളിവുഡ് നടിയും ഐ.പി.എല്‍ പഞ്ചാബ് ടീം ഉടമയുമായ പ്രീതി സിന്റ മുന്‍ കാമുകന്‍ നെസ് വാഡിയയ്‌ക്കെതിരേ നല്കിയ പീഡനക്കേസുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഗാലറിയില്‍ ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. നെസിന്റെ അമ്മയ്ക്കായി ബുക്ക് ചെയ്ത കസേരയില്‍ പ്രീതിയുടെ സുഹൃത്താണ് ഇരുന്നതിനെത്തുടര്‍ന്നാണ് ഇരുവരുംതമ്മില്‍ വാക്ക്തര്‍ക്കം ഉണ്ടായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം സത്യം പുറത്തുകൊണ്ടുവരാനാകുമെന്ന് പോലീസ് അറിയിച്ചു.

 

സംഭവം നടന്ന മേയ് 30-ന് വാങ്കഡെ സ്റ്റേഡിയത്തിലെ ഗാർവെയർ പവലിയനിൽ ഉണ്ടായിരുന്ന രണ്ടു പേരുടെ മൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. എന്നാൽ ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിടാനോ മൊഴിയിലെ വിശദാംശങ്ങളെ കുറിച്ച് വെളിപ്പെടുത്താനോ പൊലീസ് തയ്യാറായില്ല. പ്രീതി സിന്റയുടെ പരാതിയിൽ നെസ്‌വാഡിയയ്ക്കെതിരെ തെളിവുകൾ ശേഖരിച്ച ശേഷം അദ്ദേഹത്തെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

 

വ്യാഴാഴ്ചയാണ് പ്രീതി സിന്റ നെസ്‌വാഡിയയ്ക്കെതിരായി പരാതി നൽകിയത്. അഞ്ചു വർഷം നീണ്ട പ്രണയ ബന്ധം അവസാനിപ്പിച്ചെങ്കിലും ബിസിനസ് താൽപര്യാർത്ഥം ഇരുവരും ബന്ധപ്പെടാറുണ്ടായിരുന്നു.

Tags: