അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളുടെ പട്ടിക പ്രഖ്യാപിച്ച ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാളിന് മറുപടിയുമായി ആരോപിതര്‍ രംഗത്ത്. ബി.ജെ.പി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി വക്കീല്‍ നോട്ടീസ് അയച്ചപ്പോള്‍ ആരോപണം തെളിയിക്കാന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ വെല്ലുവിളിച്ചു.
പൊതുതെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എ.എ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാര്‍ എന്ന ആരോപിച്ച് ഒരു പട്ടിക കേജ്രിവാള് അവതരിപ്പിച്ചിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ഇവരടക്കം നിലവിലെ ലോകസഭയിലെ 162 ‘കളങ്കിത’ എം.പിമാരെ പരാജയപ്പെടുത്താന്‍ പാര്‍ട്ടി മുന്‍ഗണന നല്‍കുമെന്നും കേജ്രിവാള് അറിയിച്ചിരുന്നു.
തന്റെ പേരുള്‍പ്പെടുന്ന ഈ പ്രസ്താവന മൂന്ന് ദിവസത്തിനകം പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നുമാണ് ഗഡ്കരി അയച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നത്. താന്‍ അഴിമതിക്കാരനാണെന്നുള്ളതിന് തെളിവ് ഹാജരാക്കിയാല്‍ രാജിവെച്ച് രാഷ്ട്രീയം ഉപേക്ഷിക്കാമെന്ന് കപില്‍ സിബല്‍ ശനിയാഴ്ച പറഞ്ഞു. കേജ്രിവാളിന് രണ്ട് ദിവസം സമയം നല്‍കുന്നുവെന്നും അതിനുള്ളില്‍ ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലാ എങ്കില്‍ കേജ്രിവാള് സ്ഥാനമൊഴിയണമെന്നും സിബല്‍ ആവശ്യപ്പെട്ടു.