Skip to main content
ന്യൂഡല്‍ഹി

ദല്‍ഹി കൂട്ടബലാല്‍സംഗക്കേസില്‍ നാലു പ്രതികളും കുറ്റക്കാരാണെന്ന് കോടതി. ദല്‍ഹി സാകേത് അതിവേഗ കോടതി ജഡ്ജി യോഗേഷ് ഖന്നയാണ് വിധി പ്രഖ്യാപിച്ചത്. ബലാല്‍സംഗം, കവര്‍ച്ച എന്നിവയടക്കം 12 കേസുകളാണ് പ്രതികള്‍ക്കുമേല്‍ കോടതി ചുമത്തിയിട്ടുള്ളത്. ഇവര്‍ക്കുള്ള ശിക്ഷ ബുധനാഴ്ച കോടതി വിധിക്കും.  

 

2012 ഡിസംബര്‍ 16-നാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. കേസിലെ ആറു പ്രതികളില്‍ ബസ് ഡ്രൈവര്‍ രാം സിംഗ് തീഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് ടാക്കൂര്‍ തുടങ്ങിയ പ്രതികളുടെ ശിക്ഷയാണ് ബുധനാഴ്ച കോടതി വിധിക്കുക. പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരനാണെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്‌ ഈ അടുത്ത് കണ്ടെത്തിയിരുന്നു. ജുവനൈല്‍ നയം പ്രകാരമുള്ള പരമാവധി ശിക്ഷ പ്രതിക്ക് ബോര്‍ഡ്‌ വിധിച്ചിരുന്നു.  

 

ഫെബ്രുവരി 5-നാണ് കേസില്‍ വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷന്‍ 85 സാക്ഷികളെയും പ്രതിഭാഗം 17 സാക്ഷികളെയും ഹാജരാക്കിയിരുന്നു. പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് നല്‍കിയ മൊഴി, അക്രമവേളയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നല്‍കിയ മൊഴി, സി.സി.ടി.വി ദൃശ്യങ്ങള്‍ തുടങ്ങിയ ശക്തമായ തെളിവുകളാണ് കോടതിക്കു മുന്നില്‍ ഉണ്ടായിരുന്നത്.

 

ഡല്‍ഹിയില്‍ ബസ്സില്‍ വിളിച്ചുകയറ്റി 23 വയസ്സുകാരിയായ യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് യുവതി സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് മരണമടയുകയും ചെയ്തു. ഇത് രാജ്യമൊട്ടാകെ വന്‍ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.