മലാലയെ ആക്രമിച്ചവര്‍ അറസ്റ്റില്‍: പാക്‌ സൈന്യം

Sat, 13-09-2014 02:47:00 PM ;
ഇസ്ലാമാബാദ്

malala yusufzaiപാകിസ്ഥാനില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി മലാല യൂസഫ്‌സായിയെ വെടിവെച്ച ഭീകരവാദികള്‍ പിടിയിലായെന്ന് പാക് സൈന്യം. തെഹരീക് ഇ താലിബാന്‍ (ടി.ടി.പി) കമാന്‍ഡര്‍ മുള്ള ഫസലുള്ളയാണ് മലാലയ്ക്കെതിരെയുള്ള ആക്രമണത്തിന്റെ സൂത്രധാരനെന്നും സൈനിക വക്താവ് അറിയിച്ചു. ഗോത്രവര്‍ഗ്ഗ മേഖലയായ വടക്കന്‍ വസീറിസ്ഥാനില്‍ ടി.ടി.പിയ്ക്കെതിരെ സൈന്യം നടത്തുന്ന ആക്രമണത്തിനിടയിലാണ് മലാലയെ ആക്രമിച്ചവര്‍ പിടിയിലായത്.

 

2012 ഒക്ടോബര്‍ ഒന്‍പതിനാണ് പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ സ്വാത് താഴ്വരയില്‍ സ്കൂളില്‍ നിന്ന്‍ വീട്ടിലേക്ക് വരുന്ന വഴി താലിബാന്‍ പ്രവര്‍ത്തകര്‍ മലാലയുടെ തലയ്ക്ക് നേരെ വെടിയുതിര്‍ത്തത്. കുട്ടികള്‍ സ്കൂളില്‍ പോകുന്നത് തടയാന്‍ താലിബാന്‍ നടത്തുന്ന ഭീഷണികളെ കുറിച്ച് ബി.ബി.സി ഉര്‍ദുവില്‍ മലാല എഴുതിയിരുന്ന കുറിപ്പുകള്‍ വ്യാപക പ്രചാരം നേടിയതാണ് സംഘടനയെ പ്രകോപിച്ചത്. എന്നാല്‍, ആദ്യം പാകിസ്ഥാനിലും തുടര്‍ന്ന്‍ ബ്രിട്ടനിലും നടത്തിയ ചികിത്സയിലൂടെ ജീവന്‍ തിരിച്ചുകിട്ടിയ മലാല തുടര്‍ന്ന്‍ അന്താരാഷ്ട്ര തലത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭാസത്തിന് വേണ്ടിയുള്ള പ്രചാരകയായി മാറി.

 

വസീറിസ്ഥാനില്‍ പിടികൂടിയ ഇസ്രാവൂര്‍ റഹ്മാനില്‍ നിന്ന്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അക്രമി സംഘത്തിന്റെ നേതാവായിരുന്ന സഫര്‍ ഇക്ബാല്‍ എന്നയാളടക്കം മറ്റ് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തത്. അഫ്ഗാനിസ്ഥാനില്‍ കുനാര്‍ പ്രവിശ്യയില്‍ കഴിയുന്ന മുല്ലാ ഫസലുള്ളയാണ് മലാലയെ വധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ഇവര്‍ വെളിപ്പെടുത്തിയതായി സൈനിക വക്താവ് പറഞ്ഞു. ഇവരെ തീവ്രവാദ വിരുദ്ധ കോടതിയില്‍ വിചാരണ ചെയ്യുമെന്നും വക്താവ് അറിയിച്ചു.   

Tags: