ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ പലസ്തീന്‍ അതോറിറ്റി പിരിച്ചുവിടുമെന്ന് പ്രസിഡന്റ് അബ്ബാസ്‌

Wed, 23-04-2014 05:04:00 PM ;
റാമല്ല

muhammaed abbasഇസ്രയേലുമായുള്ള ഉഭയകക്ഷി സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ പലസ്തീന്‍ അതോറിറ്റി പിരിച്ചുവിടുമെന്ന് പ്രസിഡന്റ് മുഹമ്മദ്‌ അബ്ബാസ്. യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ ഇടപെടലിനെ തുടര്‍ന്ന്‍ ആരംഭിച്ച ചര്‍ച്ചകളില്‍ ഏപ്രില്‍ 30-നകം തീരുമാനമാകണമെന്നായിരുന്നു ധാരണ. ഈ തിയതിയ്ക്ക് ശേഷം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് നിബന്ധനകളും അബ്ബാസ് മുന്നോട്ടുവെച്ചു.

 

പലസ്തീന്‍ പ്രദേശങ്ങളില്‍ കഴിയുന്ന 25 ലക്ഷം പേരുടെ ഭരണമാണ് പലസ്തീന്‍ അതോറിറ്റി ഇപ്പോള്‍ നിര്‍വഹിക്കുന്നത്. അതോറിറ്റി രൂപീകരിക്കുന്നതിന് മുന്‍പ് ചെയ്തിരുന്നത് പോലെ ജനങ്ങളുടെ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, ജീവനക്കാര്‍ക്കുള്ള ശമ്പളം, പ്രദേശത്തിന്റെ സമ്പദ്വ്യവസ്ഥ ഇതിന്റെയെല്ലാം ചുമതല ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇസ്രയേല്‍ വഹിക്കേണ്ടി വരുമെന്നാണ് അബ്ബാസിന്റെ ഭീഷണി.

 

ചര്‍ച്ചകള്‍ തുടരുന്നതിന് ഏതാനും നിബന്ധനകളും അബ്ബാസ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇസ്രായേലിനും പലസ്തീനും ഇടയില്‍ അതിര്‍ത്തി നിര്‍ണ്ണയിക്കണം എന്നതാണ് ഇതില്‍ പ്രധാനം. രണ്ട് രാഷ്ട്രങ്ങള്‍ എന്ന പരിഹാരത്തില്‍ ഇസ്രയേല്‍ വിശ്വസിക്കുന്നുവെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഇതാണെന്ന് അബ്ബാസ് ചൂണ്ടിക്കാട്ടി. വെസ്റ്റ്‌ ബാങ്കിലും കിഴക്കന്‍ ജറുസലെമിലും കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും തടവുകാരെ വിട്ടയക്കണമെന്നതുമാണ് മറ്റ് നിബന്ധനകള്‍.

 

ഒന്‍പത് മാസമായി നടക്കുന്ന സംഭാഷണങ്ങളില്‍ കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല. ഏപ്രിലില്‍ വിവിധ നടപടികളാല്‍ ഇരു കൂട്ടരും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന്‍ പലസ്തീന് മേല്‍ സാമ്പത്തിക ഉപരോധവും ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പലസ്തീനിലേക്ക് കൊണ്ടുപോകുന്ന വസ്തുക്കളില്‍ നിന്ന്‍ പിരിച്ച് ഇസ്രയേല്‍ പലസ്തീന് നല്‍കുന്ന നികുതി കൊടുക്കുന്നത് മരവിപ്പിച്ചിരിക്കുകയാണ്. മാസം 11 കോടി ഡോളര്‍ വരുന്ന ഈ തുകയാണ് പലസ്തീന്‍ അതോറിറ്റിയുടെ വരുമാനത്തിന്റെ മൂന്നില്‍ രണ്ടും.

Tags: