ചാലക്കുടിക്കാരി യുവതിയുടെ ചാലകശക്തി

Glint Guru
Tue, 03-05-2016 05:01:21 PM ;

 

ചാലക്കുടി. വിദേശത്തു ജോലിചെയ്യുന്ന ദമ്പതികളുടെ പത്തു വയസ്സുകാരൻ മകൻ അർബുദത്തെ തുടർന്ന് മരിച്ചു. മൃതദേഹവുമായി അവർ നാട്ടിലെത്തി. കുട്ടിയുടെ അച്ഛന്റെ അച്ഛൻ വാർധക്യസഹജമായ രോഗത്താൽ അസൗകര്യത്തിലാണ്. അദ്ദേഹത്തിന് എപ്പോഴും പരിചരണം ആവശ്യം. അതിനാൽ കുട്ടിയുടെ അച്ഛന്റെ അമ്മ അതിൽ വ്യാപൃത. 2016ലെ ഏപ്രിലായതിനാൽ ഉരുകുന്ന ചൂട്. അയൽപക്കത്തുള്ളവരും ബന്ധുക്കളുമെല്ലാം കൂടിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം വിദേശത്തു നിന്നും കൊണ്ടുവന്ന പെട്ടിയിൽ നിന്ന് ഫ്രീസറിലേക്ക് മാറ്റാനായി വിമാനത്താവളത്തിൽ നിന്ന് നഗരത്തിലെ ഒരാശുപത്രിയിലേക്കു കൊണ്ടുപോയിരിക്കുന്നു. കുട്ടിയുടെ മൃതദേഹവുമായി വരുമ്പോൾ വേണ്ട സൗകര്യങ്ങൾ ചെയ്യണം. ചില പുരുഷൻമാർ സന്ദർശക മുറിയിൽ കിടന്ന കസേരകളൊക്കെ വശത്തേക്കാക്കി ഫ്രീസർ വയ്ക്കാൻ സ്ഥലമൊരുക്കിത്തുടങ്ങി. ഓരോരുത്തരും ഓരോ രീതിയിൽ അങ്ങനെ ചെയ്യാം ഇങ്ങനെ ചെയ്യാം എന്നു പറഞ്ഞ് ആകെ ആശയക്കുഴപ്പം. കാരണം വലിയ ഫ്രീസർ വയ്ക്കാനും ആൾക്കാർക്ക് ബുദ്ധിമുട്ടില്ലാതെ കാണാനും സൗകര്യം വേണം. കുറേ കഴിഞ്ഞപ്പോൾ അങ്ങോട്ടുമിങ്ങോട്ടും സംഗതികൾ നീക്കിക്കൊണ്ടിരിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. വീടിനുള്ളിലായതിനാൽ ധാരാളം സ്ത്രീകളുമുണ്ട്. പെട്ടന്ന് ഒരു യുവതി അവരുടെ ഇടയിൽ നിന്ന് മുന്നോട്ടു വന്നു. ഒരു മുന്നോട്ടുവരവിന്റെ യാതൊരു തള്ളിച്ചയുമില്ലാതെ.

 

ആ യുവതി ആദ്യം വന്ന് അവിടെയുണ്ടായിരുന്ന ചെറിയ സാധനങ്ങളൊക്കെ പെറുക്കി മാറ്റി. ചില ലൊട്ടുലൊടുക്ക് സാമഗ്രികൾ. അതായത്,  ചില കൗതുവസ്തുക്കൾ, കുഞ്ഞു ടീപ്പോയികൾ എന്നിവയൊക്കെ. അതാകട്ടെ, യാതൊരു അലോസരവുമുണ്ടാകാത്ത വിധം. അതത്രയും മാറ്റിക്കഴിഞ്ഞപ്പോഴേക്കും അത്യാവശ്യം സ്ഥലം രൂപപ്പെട്ടുവന്നു. അതുപോലെ അവിടെയുണ്ടായിരുന്ന ചില വാടകയ്ക്കെടുത്ത പ്ലാസ്റ്റിക് കസേരകളും അവർ എടുത്തു മാറ്റുകയുണ്ടായി. പുരുഷ കേസരികൾ അറിയാതെ ആ യുവതിയുടെ മനസ്സിൽ കണ്ട മാതിരി അവിടെയുണ്ടായിരുന്ന സെറ്റികളൊക്കെ ഒരു വശത്തേക്കു തള്ളി. ഇഷ്ടം പോലെ സ്ഥലം.  സ്ഥലം രൂപപ്പെട്ടയുടനെ അവർ ഒരു ചൂലുമായെത്തി ആ മുറി ആർക്കും അസൗകര്യമുണ്ടാകാത്ത വിധം ആ ആൾക്കുട്ടത്തിനിടയിൽ നിന്നുകൊണ്ടു തന്നെ തൂത്തു. ആ തൂക്കലിന്റെ മാസ്മരികത അവാച്യമായിരുന്നു. അതു ചെയ്യുമ്പോഴുള്ള ശ്രദ്ധയും വേഗതയുമാണ് ആ പ്രവൃത്തിയെ അവാച്യസുന്ദരമാക്കിയത്.

 

അവർ തൂത്തു തുടച്ചിട്ട ആ സ്ഥലത്തേക്ക് തിങ്ങിനിന്ന ആൾക്കാർ ഇറങ്ങി നിന്നില്ല. മൃതദേഹവുമായി ഫ്രീസർ വരുമ്പോൾ വയ്ക്കാൻ ഒരുക്കിയിട്ട സ്ഥലമെന്ന പവിത്രത നൽകി ഒതുങ്ങി നിന്നു. തൂത്തു കഴിഞ്ഞ് അപ്രത്യക്ഷയായ യുവതി പിന്നെ രംഗപ്രവേശം ചെയ്തത് എണ്ണ നിറച്ച് തിരിയിട്ട നിലവിളക്കുമായി. വിളക്കിന്റെ താഴെ തട്ടിൽ തീപ്പെട്ടിയും. പിന്നെ ചന്ദനത്തിരിയും മറ്റ് അനുസാരികളുമെല്ലാം. ഫ്രീസർ വന്നാൽ ഒരാശയക്കുഴപ്പവുമില്ലാതെ നേരേ അവിടേക്ക് കൊണ്ടുവെയ്‌ക്കേണ്ടതേ ഉള്ളു. മൃതദേഹമെത്തി. അവിടേക്ക് കയറ്റി വച്ചു. വച്ചു കഴിഞ്ഞപ്പോൾ ആരോ ചെറുതായിട്ടൊന്നു പറഞ്ഞു മുകൾ ഭാഗം ഒന്നു തുടച്ചിരുന്നെങ്കിൽ നന്നായെന്ന്. അദ്ദേഹം അവിടുന്ന് തിരിയുന്നതിന് മുൻപ് അതാ തുണിയെത്തി. ആ നിർദ്ദേശം മുന്നോട്ട് വച്ച് അദ്ദേഹം തന്നെ അത് വാങ്ങി ഫ്രീസറിന്റെ മുകൾ ഭാഗം നന്നായി തുടച്ചു. തുടച്ചു കഴിഞ്ഞ് അദ്ദേഹം തുണി ഉയർത്തിയതേയുള്ളു, ആ യുവതിയുടെ കരങ്ങൾ അതേറ്റുവാങ്ങി. പിന്നീട് ആ യുവതിയെ കുറേ നേരത്തേക്കു കണ്ടില്ല.

 

രാവിലെ പത്തു മണിയോടുകൂടിയാണ് മൃതദേഹം കൊണ്ടുവന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മൃതദേഹം പുറത്തേക്കെടുത്ത് ചടങ്ങ് തുടങ്ങി. ഒരു മണിക്ക് ശ്മശാനത്തിലേക്ക് കൊണ്ടു പോകണം. കാർപോർച്ചിലും മുറ്റത്തെ ചെറുപന്തലിലുമായിട്ടാണ് ആളുകള്‍ നിൽക്കുന്നത്. കാർപോർച്ചിനോട് ചേർന്ന് മുറ്റവും കോൺക്രീറ്റ് ചെയ്തതാണ്. അവിടേയ്ക്ക് ആവശ്യമായ അഞ്ച് വിളക്കും അനുസാരികളുമായി ആ യുവതി വീണ്ടും എത്തി. ചില സാധനങ്ങൾ പിടിക്കാൻ ഇരുപതു വയസ്സിനോടടുത്തു തോന്നുന്ന ഒരു  പെൺകുട്ടിയും ഒപ്പമുണ്ട്. കാർപോർച്ചിൽ ഇട്ടിരുന്ന കസേരകളൊക്കെ വെളിയിൽ നിന്ന ആൾക്കാരുടെ കൈയിലേക്ക് എടുത്തു കൊടുത്ത് കാർപോർച്ചു മുഴുവൻ ഒഴിവാക്കി. എന്നിട്ടവിടെ തൂത്തു വൃത്തിയാക്കി. അതിനു ശേഷം അതിനോട് തുടർന്നുള്ള മുറ്റത്തിന്റെ ഭാഗം കൂടി തൂക്കാൻ ചൂല് കൂടെയുള്ള പെൺകുട്ടിയുടെ കൈയ്യിൽ കൊടുത്തിട്ട് യുവതി കാർപോർച്ചിൽ വേണ്ട ഏർപ്പാടുകൾ പൂർത്തിയാക്കി എഴുന്നേറ്റു. അപ്പോഴും പെൺകുട്ടി ഈർക്കിൽ ചൂലിന്റെ തുമ്പുകൊണ്ട് കുനിയാതെ തൂത്തുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ ആളുകളുടെ നടുവിൽ നിന്ന് കുനിഞ്ഞ് തൂത്താൽ ചുരിദാറിന്റെ മുന്നിലെ കഴുത്ത് താഴോട്ട് തൂങ്ങി ഉള്ള് കാണുമോ എന്ന ശങ്ക ആ പെൺകുട്ടിയെ സ്വാധീനിച്ചിരിക്കാം. ഒരു ഭാവഭേദവുമില്ലാതെ യുവതി കടന്നു വന്ന് ആ കുട്ടിയുടെ കൈയിൽ നിന്ന് ചൂൽ വാങ്ങി കുനിഞ്ഞ് തറയ്ക്ക് സമാന്തരമായി ചൂലുകൊണ്ട് രണ്ടുമൂന്നു തൂപ്പുകൊണ്ട് കാര്യം കഴിഞ്ഞു. അത്യാവശ്യം ഒന്നേകാൽ മീറ്റർ നീളമുള്ള ചൂലിന്റെ രണ്ട് ചൂൽ നീളം സ്ഥലം തൂത്ത് വൃത്തിയാക്കപ്പെട്ടു എന്നു മാത്രമല്ല അത്രയും സ്ഥലം ലഭ്യമാവുകയും ചെയ്തു. വീണ്ടും യുവതി അപ്രത്യക്ഷയായി.

 

ചടങ്ങുകൾ കഴിഞ്ഞ് മൃതദേഹവും കയറ്റി ആംബുലൻസ് നീങ്ങിയപ്പോൾ വീണ്ടും യുവതി പ്രത്യക്ഷപ്പെട്ടു. ചടങ്ങു നടന്ന സ്ഥലത്ത് വിരിച്ചിരുന്ന പായ ആദ്യം മടക്കി. അങ്ങനെ എടുത്തു മാറ്റേണ്ടവയൊക്കെ എടുത്തു മാറ്റി. അഞ്ച് നിലവിളക്കും പുറത്തേക്കുള്ള തിണ്ണയിൽ എടുത്തു വച്ചു. അവിടെ നിന്നിരുന്ന രണ്ട് പ്രായമായ സ്ത്രീകൾ അപ്പോഴെത്തി ആ വിളക്കിലെ അധികമുള്ള എണ്ണ തെങ്ങിൻ ചുവട്ടിലൊഴിച്ച് വിളക്ക് തേയ്ക്കാൻ തുടങ്ങി. യുവതി ചടങ്ങു കഴിഞ്ഞ സ്ഥലത്തുണ്ടായിരുന്ന പൂജാദ്രവ്യങ്ങളുടെ അവശിഷ്ടങ്ങളും മറ്റുമെല്ലാം തൂത്തുവാരിയതിനു ശേഷം ആ കാർപോർച്ചും നേരത്തേ തൂത്തിട്ടിരുന്ന മുറ്റത്തെ തറയും വെള്ളമൊഴിച്ചു കഴുകി. ഇതൊക്കെ ചെയ്യുമ്പോൾ അവിടെ നിൽക്കുന്നവർക്കൊന്നും ഒരലോസരവും ഉണ്ടാവുന്നില്ലെന്നു മാത്രമല്ല, അവരുടെ ശ്രദ്ധിയിൽ പോലും പെടാത്ത വിധമാണ് ഇതൊക്കെ ചെയ്യുന്നത്. ഇതിനിടയിൽ അകത്തുനിന്ന് ഏതാനും പുരുഷൻമാർ ഫ്രീസർ കാർപോര്‍ച്ചില്‍ കൊണ്ടു വന്ന് ഏങ്കോണിച്ചു വച്ചിട്ടു പോയി. കഴുകിയ കാർപോർച്ചിൽ അവർ ഒറ്റയ്ക്ക് ആ ഫ്രീസർ ഒരു വശത്തേക്ക് തള്ളിനീക്കിവച്ചു. കാർപോർച്ചും മുറ്റവുമെല്ലാം നല്ല വൃത്തിയും വെടിപ്പുമായി. അതു കഴിഞ്ഞ് അവർ വേഗത്തിൽ മുൻവശത്തെ ഗേറ്റിലൂടെ പോകുന്നതു കണ്ടു.

 

മുപ്പതുകളുടെ അവസാനത്തേക്ക് നീങ്ങുന്ന ആ യുവതി വീട്ടുകാരുടെ ബന്ധുവല്ല. അൽപ്പം അകലെയുള്ള അയൽക്കാരിയാണ്. കുറച്ചു കഴിഞ്ഞപ്പോൾ അവർ കുളിയും കഴിഞ്ഞ് ഈറൻ വാഴ്ന്നിറങ്ങുന്ന മുടിയും പുതിയ ചുരിദാറുമായി വീണ്ടുമെത്തി. അപ്പോഴേക്കും മറ്റൊരു അയൽവീട്ടിൽ നിന്ന് തയ്യാറാക്കിക്കൊണ്ടു വന്ന ചോറും കറിയും ആളുകള്‍ കഴിച്ചു തുടങ്ങിയിരുന്നു. യുവതി ചിലരോടൊക്കെ സ്വകാര്യമായി ഊണു കഴിച്ചോ എന്നന്വേഷിക്കുകയും കഴിക്കാത്തവരെ കൂടെ കൂട്ടി അവരോടൊപ്പം ചോറെടുത്ത് കഴിക്കുകയും ചെയ്തു.

 

ഗ്രാമത്തിന്റെ സംസ്കാരം ഒരു യുവതിയിൽ നിക്ഷിപ്തമായിരുന്നതാണ് അവരിലൂടെ അവിടെ പ്രകടമായത്. ഒരു ബഹളവുമില്ലാതെ നിശബ്ദമായി അവിടെ നിന്നിരുന്ന മുഴുവൻ ജനങ്ങളേയും നിയന്ത്രിച്ചതും ചടങ്ങുകൾ സുഗമമായി നടത്തിയതും ഈ യുവതിയുടെ നേതൃത്വപാടവം കൊണ്ടാണ്. അവിടെ നിന്നവരറിയാതെ അവിടെ കൂടിയവരെല്ലാം അവരാൽ നയിക്കപ്പെടുകയായിരുന്നു. താൻ വലിയ കാര്യമൊന്നുമല്ല ചെയ്യുന്നതെന്നുള്ള ഭാവവുമായിരുന്നു അവരുടെ മുഖത്ത്. ഈ യുവതിയോടൊപ്പമുള്ള പെൺകുട്ടി അന്ന് അവരെപ്പോലെ പ്രവർത്തിച്ചില്ലെങ്കിലും ആ കുട്ടിയും ഏതാനും വർഷങ്ങൾ കഴിയുമ്പോൾ ഇതുപോലെയുള്ള അവസരങ്ങളിൽ ഇവ്വിധം പെരുമാറും. ഇത് സമൂഹത്തിന് അത്യന്താപേക്ഷിതമായ ആവശ്യമാണ്. മരിച്ച കുട്ടിയുടെ ദുഃഖത്താല്‍ അസ്തപ്രജ്ഞരായ വീട്ടുകാർക്ക് ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ കഴിയില്ല. നാട്ടിൻപുറങ്ങളിൽ അത് വീട്ടുകാരുടെ ശ്രദ്ധയിൽ വരേണ്ട കാര്യവുമല്ല.

 

വിവാഹത്തിനും ചെറിയ കുടുംബ ചടങ്ങുകൾക്കു പോലും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളേയും കേറ്ററേഴ്‌സിനെയുമൊക്കെ ഏൽപ്പിക്കുമ്പോൾ ഈ സംസ്കാരത്തിന്റെ ധാതുലവണങ്ങൾക്കാണ് ശോഷണം സംഭവിക്കുന്നത്. മനുഷ്യനെ സാമൂഹികമായി മാറ്റുന്നതും സാമൂഹ്യജീവിയാക്കുന്നതുമൊക്കെ ഇത്തരമുള്ള കൂട്ടായ്മകളാണ്. അങ്ങനെയാണ് ആരോഗ്യവും ആത്മവിശ്വാസവുമുള്ള സമൂഹങ്ങൾ ഉണ്ടാകുന്നത്. അങ്ങനെയുള്ള സമൂഹത്തിൽ നിന്നു മാത്രമേ ആരോഗ്യമുള്ള വ്യക്തികളും വ്യക്തിത്വമുള്ളവരും രൂപപ്പെട്ടു വരികയുളളു. ചില പ്രദേശങ്ങളിൽ ചില അനാരോഗ്യകരമായ പ്രവണതകൾ ഉള്ളതായി കാണാറുണ്ട്. ഉദാഹരണത്തിന് ആത്മഹത്യ തന്നെ. ഇതൊക്കെ സമൂഹത്തിന്റെ ആരോഗ്യം നശിക്കുമ്പോഴുണ്ടാകുന്ന പ്രതിഫലനങ്ങളാണ്. ഈ ആരോഗ്യം നശിക്കുമ്പോഴാണ് ജാതി, മതം, വർഗ്ഗം തുടങ്ങി പലവിധ വിഭാഗീയതകളും തലപൊക്കുന്നതും അവയൊക്കെ സംഘർഷങ്ങളിലേക്കും സംഘട്ടനങ്ങളിലേക്കുമൊക്കെ നീങ്ങുന്നതും. കൂട്ടായ്മയും കൂടിച്ചേരലിന്റെ സുഖവുമൊക്കെ അറിയാതെ പോകുന്നതുകൊണ്ടാണത്. അവയൊക്കെ ഉണ്ടാകുമ്പോൾ അതുവേണമെന്ന് വിലപിച്ചുകൊണ്ട് കവിതയെഴുതിയതുകൊണ്ടോ ചങ്ങല തീർത്തതുകൊണ്ടോ കാര്യമില്ല. അതു നടത്തുന്നതിന് നേതൃത്വം നൽകുന്നവർക്ക് മാദ്ധ്യമ ശ്രദ്ധ കിട്ടും എന്നല്ലാതെ ഒരു ഗുണവുമുണ്ടാകില്ല.

 

ഒരു ഗ്രാമത്തിൽ ഇതുപോലൊരു യുവതിയുണ്ടെങ്കിൽ ആ ഗ്രാമത്തെ ആരോഗ്യമുള്ള ഗ്രാമമെന്നു വേണമെങ്കിൽ വിളിക്കാം. പുരുഷന്മാരാൽ നിറഞ്ഞ കൂട്ടത്തെയാണ് ഈ യുവതി സാന്നിദ്ധ്യം പോലുമറിയിക്കാതെ നയിച്ചത്. പുരുഷൻമാർ ആശയക്കുഴപ്പത്താൽ നിന്ന് കറങ്ങിയപ്പോൾ നിമിഷ നേരം കൊണ്ടാണ് ഉരിയാടാതെ ഈ യുവതി അവർക്ക് തെളിച്ചം വരുന്ന വിധം പ്രവർത്തിച്ചത്. ഇതാണ് സ്ത്രീ ശക്തി. ഈ ശക്തിയാണ് യഥാർഥത്തിൽ പുരുഷനും ലക്ഷ്യം വയ്‌ക്കേണ്ടത്. അങ്ങനെയെങ്കിൽ സമൂഹത്തിൽ ഇന്നു കാണപ്പെടുന്ന തൊണ്ണൂറ്റിയൊൻപതു ശതമാനം സംഘട്ടനങ്ങളും ഇല്ലാതാകും. തീർച്ച. ഏറിയും കുറഞ്ഞും സ്ത്രീകളിൽ ഇപ്പോഴും ഈ ശക്തി ഉളളതിനാലാവണം യുദ്ധോത്സുകരായ പുരുഷൻമാർ അനുനിമിഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഘർഷഭൂമിയിൽ ഇങ്ങനെയെങ്കിലും സമൂഹം മുന്നോട്ടു പോകുന്നത്. അവരെ കൂടി സ്ത്രീ ശാക്തീകരണം എന്ന പേരിൽ സർക്കാറും മാദ്ധ്യമങ്ങളും കൂടി യുദ്ധോത്സുക പുരുഷന്മാരേപ്പോലെ ആക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. അത് സ്ത്രീകൾ പോലും തിരിച്ചറിയുന്നില്ല എന്നതാണ് പരിതാപകരമായ വസ്തുത.