പട്ടത്തെ തൂപ്പുകാരികൾ

Glint Guru
Fri, 24-03-2017 11:25:06 AM ;

 

പ്രഭാതം ഭംഗിയും സാന്ദ്രതയും സുഖവും നിറഞ്ഞതാണ്. ഓരോ സ്ഥലത്തേയും പ്രഭാതത്തിന് ആ പ്രദേശത്തിന്റെ പ്രത്യേകതയനുസരിച്ചുള്ള വ്യക്തിത്വമുണ്ടാവും. അൽപ്പമൊന്നു ശ്രദ്ധിച്ചു നോക്കിയാൽ അവിടുത്തെ പ്രത്യേകതകൾ വളരെ എളുപ്പം വായിച്ചെടുക്കാൻ കഴിയും. തിരുവനന്തപുരം പട്ടത്തെ പ്രഭാതമല്ല അവിടെ നിന്ന് അൽപ്പം മാത്രം അകലെയുള്ള മെഡിക്കൽ കോളേജാശുപത്രി ജംഗ്ഷനിലെ പ്രഭാതം. ഏഴു മണിയാകുമ്പോഴേക്കും പട്ടവും പരിസരവും ജനസഞ്ചാരത്താൽ മുഖരിതമാകും. കൂട്ടത്തിൽ പ്രഭാതനടത്തത്തിനിറങ്ങുന്നവരും നടന്നിട്ട് മടങ്ങുന്നവരും. റോഡിന്റെ ഇരു വശവുമുള്ള നടയിടത്തിലൂടെയാണ് അവർ നീങ്ങുന്നത്. രാവിലെ അഞ്ചു മണിക്കു മുൻപ് തന്നെ നടത്തക്കാർ സജീവമാകും. ഏതാണ്ട് ആ സമയത്തോടടുപ്പിച്ചു തന്നെ ചില കടകളും തുറക്കും. അതു വിശേഷിച്ചും പാല് ലഭ്യമാകുന്ന കടകളായിരിക്കും. കട തുറക്കുന്നവരിൽ മിക്കവരുടെയും മുഖത്ത് കഴിഞ്ഞ ദിവസത്തെ ഉറക്കവും ഉറക്കച്ചടവും വായിച്ചെടുക്കാം.

 

മൂന്നു പേരടങ്ങുന്ന ഒരു സംഘം കേശവദാസപുരത്തു നിന്ന് പട്ടം ദിശയിലേക്കു നടക്കുന്നു. നേരം വെളുത്തു വരുന്നതേയുളളു. പ്രഭാതത്തിന്റെ നിശബ്ദതയിൽ അവരുടെ സംഭാഷണം കേൾക്കേണ്ടെന്നു വെച്ചാലും നിവൃത്തിയില്ല. പ്രൊജക്ട് മാനേജ്‌മെന്റിനെ കുറിച്ചാണ് സംഭാഷണം. അവർ ഏതോ പരിശീലന പരിപാടിയിൽ പങ്കെടുത്തു വരികയാണെന്ന് സംഭാഷണത്തിൽ നിന്നു മനസ്സിലാകും. മാനേജ്‌മെന്റ് താൽപ്പര്യമുള്ളവർ അവരുടെ സംഭാഷണം ശ്രദ്ധിച്ചു നടന്നാൽ ഏതാണ്ട് ഒരു പരിശീലന കളരിയിൽ പങ്കെടുക്കുന്നതിന്റെ ഗുണം കിട്ടാനിടയുണ്ടായിരുന്നു. പാസ്ഫിറിനെ കുറിച്ചാണ് രാവിലെ വിശകലനം. എന്നു വെച്ചാൽ പ്ലാനിംഗ്, അനാലിസിസ്, സെലക്ഷൻ, ഫിനാൻസിംഗ്, ഇംപ്ലിമെന്റേഷൻ, റിവ്യൂ എന്നീ ആംഗലേയ വാക്കുകളുടെ ആദ്യാക്ഷരങ്ങളുടെ കൂട്ടായ്മയാണ്  പാസ്ഫിർ.

 

ചർച്ച കൂലങ്കഷമായി തുടരുമ്പോൾ അവരുടെ പിന്നാലെ നടന്നാൽ പ്രഭാതത്തിന്റെ അനുഭവം നഷ്ടമാകും. അവരുടെ പിന്നിൽ അൽപ്പം ദൂരെയായി നടക്കാമെന്നു വിചാരിച്ചാൽ നടത്തത്തിന്റെ സുഖം ലഭിക്കില്ല. ഉചിതം അവരെ മറികടന്ന് വേഗത്തിൽ നടക്കുന്നതാണ്. നടത്തത്തിന്റെ ഊർജ്ജവും വർധിക്കും, പ്രഭാതത്തിലെ മാനേജ്‌മെന്റ് സെമിനാറിൽ നിന്ന് മുക്തമാകുകയും ചെയ്യാം. അങ്ങനെ സെമിനാറിൽ ഏർപ്പെട്ടിരിക്കുന്ന പ്രൊഫഷണൽസിനെ മറികടന്ന് വേഗം നടന്നു. ഉഷാർ. ഏവർക്കുമറിയാവുന്ന കാര്യമാണെങ്കിലും പിന്നിൽ നിന്നു കേൾക്കുമ്പോഴുള്ള സ്ഫുടതയും ശബ്ദവും മുന്നിൽ നിന്നു കേൾക്കുമ്പോൾ ഉണ്ടാകില്ലെന്നുള്ളത് ആ പ്രഭാതത്തിന്റെ നിശബ്ദതയിൽ  ഒന്നുകൂടി അനുഭവവേദ്യമായി.

 

പട്ടമെത്താറായപ്പോഴേക്കും നേരം നന്നായി വെളുത്തു. പി.എസ്.സി ഓഫീസിന്റെ മുന്നിലെത്തിയപ്പോൾ കണ്ട കാഴ്ച പ്രഭാതത്തിന്റെ ഒരു സൗന്ദര്യമായിരുന്നു. ഒരു ഭൂഭാഗം പ്രഭാതത്തെ ആവാഹിച്ചു നിൽക്കുന്ന കാഴ്ച. പട്ടം റോഡിനു നടുക്കുള്ള ത്രികോണങ്ങളിലും മറ്റും നല്ല വൃത്തിയായി വെട്ടി നിർത്തിയിരിക്കുന്ന പച്ചപ്പുകളും മറ്റു ചെടികളും. എന്നാൽ ഭംഗി പകർന്നത് അതല്ല. പ്രഭാതത്തിൽ ആ ജംഗ്ഷൻ ഒരുങ്ങി നിന്നതിലാണ്. ഒരുങ്ങൽ എന്നുവെച്ചാൽ ഫുട്പാത്തിൽ നിന്ന് റോഡിലേക്ക് ചവിട്ടാൻ പോലും തോന്നാത്ത വിധം വൃത്തിയായി കിടക്കുന്ന റോഡും പരിസരവും. ഒരു ചെറു പേപ്പർ കഷണം പോലുമില്ലാതെ വൃത്തിയും വെടിപ്പോടും കൂടെ തൂത്തിട്ടിരിക്കുന്നിടം. നഗരസഭയുടെ നാലു വനിതാ ജീവനക്കാരാണ് അതിലേർപ്പെട്ടിരിക്കുന്നത്. അവിടുത്തെ തൂപ്പ് ഏതാണ്ട് കഴിയാറായി. എന്തൊരു സൂക്ഷ്മതയോടെയാണ് ഓരോരുത്തരും അവിടം തൂത്തു വൃത്തിയാക്കിയിരിക്കുന്നത്. പൊതുയിടങ്ങൾ വൃത്തികേടാക്കരുതെന്ന അവബോധം സൃഷ്ടിക്കാൻ വൃഥാ ശ്രമിക്കുന്നതിനു  പകരം അവിടം വൃത്തിയാക്കിയിട്ടാൽ ആരും വൃത്തികേടാക്കില്ല എന്നത് പട്ടം പറഞ്ഞു തരുന്നു.

 

പട്ടം ജംഗ്ഷനേക്കാൾ പ്രഭാതത്തിന്റെ സുഖകരമായ അനുഭൂതി പകരുന്നതായിരുന്നു ആ സ്ത്രീകളുടെ കാഴ്ച. എല്ലാവരും കുളിച്ച് മുടിയിലെ ഈറൻ പൂർണ്ണമായും ഉണങ്ങിയിട്ടില്ലാത്ത അവസ്ഥ. ചിലർ കുറി തൊട്ടിട്ടുണ്ട്. എല്ലാവരുടെയും വൃത്തിയായ യൂണിഫോം. അതിനു മുകളിലൂടെ എല്ലാവരിലും ഒരു ചെറിയ ബാഗ് തോളിലൂടെ ക്രോസ്സായി തൂക്കിയിട്ടുണ്ട്. ചിലപ്പോൾ അതിൽ മൊബൈൽ ഫോണോ അതോ അവരുടെ ജോലിസംബന്ധമായ എന്തെങ്കിലുമാകാം. എന്തായാലും ആ സ്ത്രീകൾ കാണുന്നവരെ സംബന്ധിച്ചിടത്തോളം സുപ്രഭാതമായിരുന്നു. അവർ ചെയ്യുന്ന ജോലിയാണെങ്കിൽ തലേദിവസത്തെ അഴുക്കു മുഴുവൻ തൂത്തു കോരിയെടുത്തു വൃത്തിയാക്കുക എന്നതും. അഴുക്കുമായി ബന്ധപ്പെട്ടു ജോലി ചെയ്യാനവർ എത്തിയിരിക്കുന്നത് ഏറ്റവും വൃത്തിയായി. ആ പ്രഭാതത്തിൽ അവർ സ്വയം വരുത്തിയ വൃത്തിയിലൂടെ അവരിൽ ലഭ്യമായ ശ്രദ്ധയുടെ പ്രകടനമാണ് അവിടെ കാണപ്പെട്ടത്. അവരെ നിരീക്ഷിക്കാൻ ആരും അവിടെയെങ്ങുമുണ്ടായിരുന്നില്ല. അത്യാവശ്യം ചവറു കിടക്കുകയാണെങ്കിൽ ആരും ചോദിക്കുക പോലുമില്ല. അപ്പോൾ വീണതാണോ തലേന്നു വീണതാണോ എന്നറിയാനും പ്രയാസം.

 

ഏതു കാര്യത്തിനും കൈക്കൂലി ഇല്ലാതെ സർക്കാർ സംവിധാനം പ്രവർത്തിക്കില്ല എന്നത് വർത്തമാനകാല യാഥാർഥ്യമാണ്. ആ സാഹചര്യത്തിൽ ഏറ്റവും ഉഴപ്പിയോ അശ്രദ്ധയോടെയോ ചെയ്താലും അറിയപ്പെടാതെ പോകുന്ന ഒരു പ്രവൃത്തി ഇത്രയും ഉദാത്തമായ രീതിയിൽ ചെയ്യുന്ന അവർ കേരളത്തോടും ലോകത്തോടും മനുഷ്യനോടും ചില കാര്യങ്ങൾ വ്യക്തതയോടെ പറയുന്നുണ്ട്. അവരറിയുന്നില്ലെങ്കിലും. അവർ അഴിമതികളിലേർപ്പെടുന്നവരെ പോലെ ഉന്നത ബിരുദധാരികളാകാൻ സാധ്യത കുറവാണ്. അല്ലെങ്കിൽ മാനേജ്‌മെന്റ് തത്വങ്ങൾ പ്രയോഗിച്ച് ഏതു വിധേനെയും ലാഭവർധനയുണ്ടാക്കി സ്വവിജയം കണ്ടെത്താൻ ശ്രമിക്കുന്നവരെപ്പോലെയുമല്ല. അവർ ചെയ്യുന്ന തൊഴിലാണെങ്കിൽ പരീക്ഷായോഗ്യത ഏറ്റവും കുറവ് ആവശ്യമുള്ളതും. അവർ പക്ഷേ തങ്ങൾ ചെയ്യുന്നത് ആസ്വദിച്ചു ചെയ്യുന്നു. അൽപ്പനേരം നോക്കി നിന്നപ്പോൾ അതു വ്യക്തമായി. കാരണം ചെറിയ മൂലകൾ പോലും അവർ കാണാതെ പോകുന്നില്ല.

 

അവർ പറയുന്നത് വിദ്യാസമ്പന്നരുടെയും താത്വികവിശാദരരുടെയും ബുദ്ധിജീവികളുടെയുമടുത്താണ്. വളരെ ലളിതമായ കാര്യം. വൃത്തികേടുകളെ ഒഴിവാക്കാൻ ശ്രമിക്കുന്നവർക്ക് വൃത്തിയും വെടിപ്പും വേണം. വർത്തമാനകാലത്ത് വൃത്തികേടിനെ വൃത്തികേടുകൊണ്ടു നേരിടുന്ന കാഴ്ചയാണ് 24x7 ചാനലുകൾ നോക്കിയാലും നമ്മുടെ നിയമസഭയിലേക്കും പാർലമെണ്ടിലേക്കും നോക്കിയാലും കാണുന്നത്. മാധ്യമ കാഴ്ചപ്പാടും രാഷ്ട്രീയ കാഴ്ചപ്പാടും എല്ലാം അതിൽ അധിഷ്ഠിതമാണെന്ന് നിഷ്പ്രയാസം കാണാൻ കഴിയുന്നു. അതുകൊണ്ടാണ് നിമിഷം തോറും അസുഖകരവും വൃത്തികേടിൽ നിന്ന് വൃത്തികേടിലേക്കുള്ള യാത്ര തുടരുന്നതും. ആസ്വാദനത്തിനും അതിനാൽ വൃത്തികേട് വേണമെന്ന മാനസികാവസ്ഥയും കൈവന്നിരിക്കുന്നു. മലയാള സിനിമയിലേക്കും സീരിയലുകളിലേക്കും വാർത്തകളിലേക്കും പ്രസിദ്ധീകരണങ്ങളിലേക്കും നോക്കിയാൽ അത് ഉച്ചഭാഷണിയിലെന്ന പോലെ വിളിച്ചു പറയുന്നുണ്ട്.

 

വൃത്തിയുണ്ടെങ്കിൽ വൃത്തികേടുകളുമുണ്ടാകും. വൃത്തിക്കു മാത്രമായി നിലനിൽപ്പില്ല. അത് മാറ്റമില്ലാത്ത സത്യമാണ്. ലോകത്തിന്റെ നിലനിൽപ്പ് തന്നെ അതിലാണ്. അതിനാൽ വൃത്തികേടിനെ എന്നത്തേക്കുമായി ഇല്ലായ്മ ചെയ്യാൻ നോക്കിയിട്ടും കാര്യമില്ല എന്നും പട്ടത്തെ തൂപ്പുകാരികൾ പറയുന്നു. അനുനിമിഷം അടിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്തുകൊണ്ടിരിക്കുക തന്നെ വേണം. അതിൽ നൈരന്തര്യവും ശ്രദ്ധയും ഉണ്ടാകണം. അപ്പോൾ അഴുക്കിന്റെ തോതും കുറയും. അങ്ങനെയാണെങ്കിൽ മാത്രമെ  പകൽ സമയത്ത് അഴുക്കു വീണാലും അഴുക്കിന്റെ ശല്യമില്ലാതെ അവിടം പെരുമാറാൻ പറ്റുകയുള്ളു. അഴുക്കുണ്ടെങ്കിൽ തന്നെ അതു തടസ്സമാകുന്ന അവസ്ഥയിലേക്കു മാറില്ല. പക്ഷേ അഴുക്കു വൃത്തിയാക്കാൻ വരുന്നവർ വൃത്തിയോടെയായിരിക്കണം വരേണ്ടതെന്നു മാത്രം.

 

വാൽക്കഷണം:  പാസ്ഫിർ ചർച്ച ചെയ്തുകൊണ്ടു വന്ന മാനേജ്‌മെന്റ് പ്രൊഫഷണലുകൾ അൽപ്പസമയം ഈ നാലു വനിതകൾ ചെയ്യുന്ന ജോലിയിലെ ശ്രദ്ധയും മികവ് വരുന്നതിന്റെ രസതന്ത്രവും അവരുടെ മുഖഭാവവും മറ്റും ശ്രദ്ധിക്കുകയാണെങ്കിൽ ശീതീകരിച്ച മുറികളിൽ ഏതെല്ലാം സങ്കേതങ്ങളുടെയും വിദഗ്ധരുടെയും സാന്നിദ്ധ്യത്തോടെ നടത്തപ്പെടുന്നതിനേക്കാൾ പ്രായോഗികവും അതിൽ നിന്ന് സിദ്ധാന്തങ്ങൾ മെനയാൻ കെൽപ്പുള്ള മാനേജ്‌മെന്റ് പാഠങ്ങൾ പഠിക്കാനും കഴിയുമെന്നുള്ളതിൽ സംശയം വേണ്ട.

 

Tags: