നിർമ്മലാനന്ദഗിരി മഹാരാജ് - മനോജ്ഞമായ ഒരു ജീവിതയാത്ര

Friday, February 17, 2017 - 12:05pm
കെ.ജി. ജ്യോതിര്‍ ഘോഷ്

nirmalanandagiri

 

'അത്ര മഹാന്മാർക്കേ ഭൂതദയയിൽ നി-
ന്നിത്തരമുണ്ടാകൂ നിർദ്ദയത്വം' - വൈലോപ്പിള്ളി

ചരിത്രം, ഓർമ്മ, പാരമ്പര്യം – ഇവയെല്ലാം കൂടിക്കുഴഞ്ഞ് അഴുകിയ രൂപത്തിലാണ് മലയാളിയുടെ സാമൂഹ്യബോധാവസ്ഥ. ഇപ്പറഞ്ഞ എല്ലാത്തിനോടും വൈകാരികതയും അതിവൈകാരികതയും ഇല്ലാതെ സംവദിക്കാനും മലയാളിക്ക് പറ്റില്ല. എല്ലാറ്റിനുമുപരി മലയാളിയെ കടുത്ത മാനസിക രോഗം പോലെ പിടികൂടിയിരിക്കുന്ന ഒന്നാണ് നൊസ്റ്റാൾജിയ എന്ന ഭൂതകാലാഭിരതി. അതായത് ഓർമ്മയിൽ ഭൂതകാലത്തെ താലോലിച്ചും അതുമായി ശൃംഗരിച്ചും രതിസുഖം പോലൊരു സുഖം അനുഭവിക്കുക. ഇതൊരു രോഗാവസ്ഥ തന്നെയാണ്. വസ്ത്രം പോലും മറ്റുള്ളവർ ഊരിക്കൊണ്ടുപോയാൽ അറിയില്ല. കേരളത്തിലെ ചില സാഹിത്യകാരന്മാരും, ആ സാഹിത്യകാരന്മാരെ മഹാശ്ചര്യമായി കണ്ട മാദ്ധ്യമങ്ങളുമാണ് നൊസ്റ്റാൾജിയയ്ക്ക് ഇത്രയധികം കമ്പോളം കേരളത്തിൽ സൃഷ്ടിച്ചു കൊടുത്തത്. കഴിഞ്ഞ അരനൂറ്റാണ്ടോളം മലയാളി അകപ്പെട്ട ഈ ഭ്രമാത്മക അവസ്ഥയിലാണ് കേരളമെന്ന സമ്പുഷ്ടമായ ജൈവഘടകം വിവസ്ത്രമാക്കി വികലപ്പെടുത്തി വിഷലിപ്തമാക്കപ്പെട്ടത്. ആ നഷ്ടകേരളത്തിന്റെ ആത്മാവിനെയും ശരീരത്തേയും വീണ്ടെടുത്ത്, വർത്തമാനകാല കേരളത്തിന്റെ കൈയ്യിൽ ഉണരാൻ പാകത്തിനുള്ള ശാസനയോടെ ഏൽപ്പിച്ച ദൗത്യമാണ് സമാധിയായ നിർമ്മലാനന്ദഗിരി മഹാരാജ് നാല് പതിറ്റാണ്ടോളമായി കേരളത്തിൽ നിർവ്വഹിച്ചു പോന്നത്.

 

രണ്ടു വർഷം മുൻപു വരെ സ്വാമിജി എല്ലാ ആഴ്ചയിലും മുടങ്ങാതെ കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്ത് ജനങ്ങളുടെ തീരാവ്യാധികൾ ചികിത്സിച്ച് ഭേദമാക്കിയിരുന്നു. ആധുനിക വൈദ്യശാസ്ത്ര പഠനത്തിൽ നിന്നാരംഭിച്ച് സന്യാസപാതയിലൂടെ നടന്നു നീങ്ങിയ വേദോപനിഷദ് ജ്ഞാന വെളിച്ചത്തിൽ, ആയുർവേദത്തെ സമസ്ത ജ്ഞാനശ്രുതി സമ്മേളനത്തിലൂടെ രോഗികളിൽ പ്രയോഗിച്ച് രോഗശാന്തി വരുത്തി. സ്വാമിജി ഇവ്വിധം ചികിത്സിച്ച് ഭേദമാക്കിയ രോഗികളിൽ എഴുപത്തിയഞ്ചു ശതമാനവും ആധുനിക വൈദ്യശാസ്ത്രം എല്ലാം പ്രയോഗിച്ച് രോഗിയെ മൃതപ്രായത്തിൽ ഉപേക്ഷിച്ചവയാണ്. രോഗത്തിന്റെ നിലയനുസരിച്ചായിരുന്നു സ്വാമി ചികിത്സ നിശ്ചയിച്ചിരുന്നത്.

 

ചിന്തകളും സമീപനങ്ങളും ചേർന്നു വ്യക്തിയിലുണ്ടാകുന്ന ആന്ദോളനങ്ങളാണ് രോഗങ്ങളായി ശരീരത്തിൽ പ്രകടമാക്കുന്നതെന്ന് രോഗിയെ ബോധ്യപ്പെടുത്തിക്കൊണ്ടായിരുന്നു നിർമ്മലാനന്ദഗിരി മഹാരാജിന്റെ ചികിത്സാ രീതി. അതു കൊണ്ട് രോഗികളോട് കുറഞ്ഞത് രണ്ടു മണിക്കറെങ്കിലും സംസാരിച്ചതിനു ശേഷം മാത്രമേ സ്വാമിജി അവരെ നോക്കുകയുണ്ടായിരുന്നുള്ളു. അത് അസ്സൽ പ്രഭാഷണ കഷായം തന്നെയിരുന്നു. ‘കെട്ടിപ്പിടി, ഉമ്മ വെപ്പ്, തലേ കൈവയ്ക്കൽ എന്നിത്യാദി ചെപ്പടിവിദ്യകൾ കൊണ്ട് രോഗം മാറ്റാമെന്ന വിശ്വാസത്തിൽ ആരെങ്കിലുമുണ്ടെങ്കിൽ അവർക്കു പോകാം’  എന്നു പറഞ്ഞ് ഏതാനും നിമിഷം സ്വാമിജി സമയം അനുവദിക്കും. അതിനു ശേഷമാണ് പ്രഭാഷണ കഷായം തുടങ്ങുക. ന്യൂട്ടന്റെ സിദ്ധാന്തത്തെ ഉദ്ധരിച്ചു കൊണ്ട് സ്വാമി രോഗികളെ ആദ്യമായി ഓർമ്മിപ്പിക്കുന്നു, വരുന്നതെന്തും പോവുക തന്നെ ചെയ്യും. അതിനാൽ വന്ന രോഗത്തിന് പോകാതെ പറ്റില്ല. അർബുദ ചികിത്സയിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം. രോഗം ഭേദമായ പലരേയും സ്വാമിജിയെ കാണാൻ എത്തിയവരുടെ കൂട്ടത്തിൽ കാണാമായിരുന്നു.

 

ഭൂമുഖത്തുള്ള എല്ലാ സസ്യങ്ങളും സ്വാമിജിക്ക് സുപരിചിതമായിരുന്നു. അവയിൽ ഒട്ടുമിക്ക ഇനങ്ങളും സമൃദ്ധമായി ഉണ്ടായിരുന്ന ഇടമാണ് കേരളം. അതെല്ലാം തന്നെ അപൂർവ്വ ഔഷധങ്ങളും. അവയൊക്കെയാണ് പോയ പതിറ്റാണ്ടുകളിൽ ഗണ്യമായി മലയാളി അറിയാതെ പോയതും അതിന്റെ ഫലമായി നഷ്ടമായതും. ഈ ഔഷധ സസ്യങ്ങളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി ആരോഗ്യം നിലനിർത്തിയും രോഗം വരുമ്പോൾ അവയെ വിവേചനപൂർണ്ണമായി ഉപയോഗിച്ചും മലയാളി ജീവിച്ചിരുന്നു. അതായിരുന്നു മലയാളിയുടെ നാട്ടറിവ്. ആ നാട്ടറിവ് കുറച്ചെങ്കിലും കണ്ടെത്തി നമ്മുടെ കൈകളിലേക്കു തരുന്നതിൽ അദ്ദേഹം വിജയിച്ചു. കമ്മ്യൂണിസ്റ്റാചാര്യൻ പി. ഗോവിന്ദപ്പിള്ളക്ക് ഒരു ഘട്ടത്തിൽ കാഴ്ച നഷ്ടമായിരുന്നു. അപ്പോൾ അദ്ദേഹത്തെ ചികിത്സിച്ച് ഭേദമാക്കിയത് സ്വാമിജിയായിരുന്നു. ചികിത്സയുടെ ഭാഗമായി നൽകിയ നിർദ്ദേശങ്ങളിലൊന്ന് ചൂടുകഞ്ഞി കോട്ടിയ പച്ച പ്ലാവില കൊണ്ട് കോരിക്കുടിക്കാനായിരുന്നു. അതുപോലെ അർബുദ രോഗികളോട് വട്ടയിലയിൽ അപ്പം ഉണ്ടാക്കി കഴിക്കാൻ നിർദ്ദേശിക്കുമായിരുന്നു. വട്ടയിലയിൽ അടങ്ങിയിട്ടുള്ള അംശങ്ങളെ അവയുടെ ശാസ്ത്രീയ നാമങ്ങളോടെ സ്വാമിജി പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുമായിരുന്നു.

nirmalanandagiri

 

രണ്ടും മൂന്നും കോഴ്സ് ശക്തമായ ആന്റിബയോട്ടിക് പ്രയോഗം കൊണ്ട് ശമനം വരാത്ത കൊടിയ പനി, ചുമ, കഫക്കെട്ട് എന്നിവ കൊണ്ട് കഷ്ടപ്പെടുന്ന രോഗിയെ, വിശേഷിച്ചും കുട്ടികളെ, ഒരു പകൽ കൊണ്ട് സാധാരണ നിലയിലേക്ക് കൊണ്ടുവന്നതിന്റെ അനുഭവം സ്വാമിജിയെ സമീപിച്ച ധാരാളം പേർക്കുണ്ടായിട്ടുണ്ട്. വാടിയ തെങ്ങിൻ മടൽ കനലിൽ വാട്ടി പിഴിഞ്ഞ് ആ നീരിൽ വറുത്ത ജീരകവും കൽക്കണ്ടവും പൊടിച്ചു ചേർത്ത മിശ്രിതം രണ്ടു തവണ കഴിക്കുമ്പോൾ തന്നെ രോഗം ഏതാണ്ട് എൺപതു ശതമാനത്തോളം കുറയുന്നു. ഇത്തരത്തിലുള്ള നാട്ടറിവ് ഓരോ വീട്ടമ്മയിലും മുൻപുണ്ടായിരുന്നു. ഈ അറിവിന്റെ അഭാവത്തിലാണ് ആരോഗ്യം നശിപ്പിക്കുന്ന വിധമുള്ള ചികിത്സ നടക്കുന്നതും സ്വകാര്യ ആശുപത്രികൾ ചൂഷണ കേന്ദ്രങ്ങളാകുന്നതെന്നും സ്വാമിജി ഓരോ പ്രഭാഷണത്തിലും ഓർമ്മിപ്പിക്കുമായിരുന്നു.

 

ഭാരതത്തിന്റെ സംസ്കൃതി അന്ധവിശ്വാസങ്ങളിലും അബദ്ധധാരണകളിലും പെട്ടു പോയി എന്നതാണ് രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്കും വെല്ലുവിളികൾക്കും ആധാരമായി സ്വാമിജി കണ്ടത്. ഫിസിക്സിനെയും ഗണിതശാസ്ത്രത്തേയും പശ്ചാത്തലത്തിൽ നിലനിർത്തിക്കൊണ്ട് വേദോപനിഷത്തുകളും മന്ത്രങ്ങളും സ്വാമിജി വിവരിച്ചപ്പോൾ തല്പരമായ മനസ്സുകൾക്ക് ബുദ്ധിയെ അതിലേക്ക് വ്യാപരിപ്പിക്കുന്നതിലും സത്യാന്വേഷണത്തെ പിന്തുടരുന്നതിന്നും വൈമുഖ്യമുണ്ടായില്ല. ചിന്മയാനന്ദ സ്വാമിക്കു ശേഷം ഭഗവദ് ഗീതയെ പ്രായോഗിക ജീവിതേത്താട് ചേർത്തു നിർത്തി ശാസ്ത്രീയമായി പറഞ്ഞു തന്നത് നിർമലാനന്ദഗിരി മഹാരാജ് തന്നെ. അതുപോലെ പഞ്ചാക്ഷര മന്ത്രവായ ഓം നമശിവായയ്ക്ക് സ്വാമിജി നല്‍കുന്ന വ്യാഖ്യാനം ശ്രവിക്കുന്നത് അനുഭവമാണ്. ശാസ്ത്രകുതുകികളായ യുവജനങ്ങളെ അതിലേക്ക് പരിചയപ്പെടുത്തിയാൽ അവരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അനിർവചനീയമായിരിക്കും.

 

സ്വാമിജിയുടെ ഭാഷയിൽ കരുണമായ മരണാനുഭവവും കഴിഞ്ഞിരിക്കുന്നു. ഏതോ ഒരു മുഹൂർത്തത്തിൽ സന്യാസത്തിലേക്ക് തിരിയാൻ പൂർവ്വാശ്രമത്തിൽ അദ്ദേഹത്തിൽ അനുഭൂതി നിറയുകയുണ്ടായി. അതിന്റെ മധുരം കേരളക്കര വേണ്ടുവോളം ഏറ്റുവാങ്ങി. നിശബ്ദമായി ഒട്ടേറെ കാര്യങ്ങൾ സ്വാമിജി ചെയ്തു. അന്യം നിന്നുപോയ കേരളത്തിലേയും രാജ്യത്തേയും പലവിധം പശുവിനങ്ങളെ സംരക്ഷിക്കുന്നത് ഉൾപ്പടെ. സ്വാമിജി ആശ്രമങ്ങൾ സ്ഥാപിച്ചില്ല. തന്റെ ചികിത്സയിൽ അർബുദം ഭേദപ്പെട്ട പലരും ഏക്കർ കണക്കിന് ഭൂമിയും മറ്റ് സംവിധാനങ്ങളും സ്വാമിജിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അവയൊന്നും ഏറ്റുവാങ്ങാതെ സ്വാമിജി സ്നേഹത്തോടെ ചിരിച്ചു കൊണ്ട് നന്ദി അറിയിച്ചു. ഒരു തോൾസഞ്ചിയിൽ കൊള്ളുന്നതു മാത്രമായിരുന്നു മഹാരാജിന്റെ സ്വത്തുവകകൾ. അങ്ങനെ മനോജ്ഞമായ ഒരു ജീവിതയാത്രക്ക് വിരാമമായി.

Tags: